ന്യൂദല്‍ഹി- സെപ്തംബര്‍ 20ന് രാജ്യസഭയില്‍ വലിയ കോലാഹലങ്ങള്‍ക്കിടെ കാര്‍ഷിക ബില്ലുകള്‍ ശബ്ദവോട്ടോടെ പാസാക്കിയ നടപടിയില്‍ ചട്ടം ലംഘനം നടന്നതായി രാജ്യസഭാ ടിവി ദൃശ്യങ്ങള്‍. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബില്ലുകള്‍ പാസാക്കിയതെന്ന സര്‍ക്കാര്‍ വാദം തെറ്റായിരുന്നു എന്നു വ്യക്തമാക്കുന്നതാണ് രാജ്യസഭാ ടിവിയുടെ ദൃശ്യങ്ങൾ. ബില്ലിന്മേല്‍ വോട്ടെടുപ്പ് നടത്തുന്നതിനു പകരം ശബ്ദവോട്ടോടെ പാസാക്കാൻ രാജ്യസഭാ ഉപാധ്യക്ഷൻ മനപൂര്‍വം സമയം നീട്ടിനല്‍കുകയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. പാര്‍ലമെന്റില്‍ ഭരണപക്ഷ എം.പിമാര്‍ കുറവായിരിക്കെ വോട്ടെടുപ്പ് നടത്താതെയാണ് കാര്‍ഷിക ബില്ല് പാസാക്കിയത്. ശബ്ദവോട്ടെടുപ്പിലാണ് ബില്ല് പാസാകുന്നത്. അംഗങ്ങളുടെ എണ്ണത്തിലുള്ള കുറവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇത് മറികടക്കാനാണ് ശബ്ദവോട്ടെടുപ്പ് നടത്തിയതെന്നും സമയം നീട്ടിനല്‍കിയതെന്നുമുള്ള പ്രതിപക്ഷ ആരോപണം സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പാര്‍ലമെന്റ് രേഖകളില്‍ ഉൾപ്പെടുത്തേണ്ടതില്ലാത്ത ശബ്ദ വോട്ടോടെ ബില്ലുകള്‍ പാസാക്കുന്നതിനു പകരം ബില്ലിന്‍മേല്‍ വോട്ടെടുപ്പു നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങ് തള്ളുകയായിരുന്നു. ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ സീറ്റിലില്‍ ഉണ്ടായിരിക്കണമെന്ന ന്യായീകരണം പറഞ്ഞായിരുന്നു വോട്ടിനിടണമെന്ന ആവശ്യം അദ്ദേഹം തള്ളിയത്. ബില്ല് സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയങ്ങളെല്ലാം ശബ്ദവോട്ടിനിട്ട് തള്ളുകയായിരുന്നു.
രാജ്യസഭയ്ക്കുള്ളിലെ ആ സമയത്തെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത് സര്‍ക്കാര്‍ വാദത്തിന് നേര്‍വിപരീതമാണ്. ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്കു വിടുന്നതു സംബന്ധിച്ച് വോട്ടെടുപ്പു നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം കൊണ്ടുവന്ന സിപിഎം എംപി കെ കെ രാഗേഷും ഡിഎംകെ എംപി തിരുച്ചി ശിവയും സീറ്റില്‍ ഇരുന്നു കൊണ്ടാണ് വോട്ടെടുപ്പു വേണമെന്ന ആവശ്യം ഉന്നയിച്ചത്. രാജ്യസഭയില്‍ അന്നു ഉച്ചയ്ക്ക് ഒരു മണി മുതല്‍ 1.26 വരെ നടന്ന സംഭവവികാസങ്ങളുടെ ദൃശ്യങ്ങളില്‍ ഇതു വ്യക്തമാണ്. വോട്ടെടുപ്പു വേണമെന്ന ആവശ്യം ഉന്നയിക്കുമ്പോള്‍ താനും സീറ്റില്‍ തന്നെയായിരുന്നുവെന്ന് തൃണമൂല്‍ എംപി ഡെരക് ഓബ്രിയനും പറഞ്ഞു.
സഭയുടെ പൊതുഅഭിപ്രായം തേടാതെ, പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ നിര്‍ദേശ പ്രകാരം ഉപാധ്യക്ഷന്‍ സഭാനടപടികള്‍ 15 മിനിറ്റു കൂടി നീട്ടിയതായി പ്രഖ്യാപിച്ചതോടെയാണ് രാജ്യസഭയില്‍ ബഹളങ്ങളുടെ തുടക്കം. ഈ ബഹളത്തിനിടെയാണ് കാര്‍ഷിക ബില്ലുകള്‍ ശബ്ദവോട്ടൊടെ പാസാക്കിയത്. സമയം നീട്ടരുതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് 1.03ന് പറയുന്നത് ദൃശ്യത്തിലുണ്ട്. സഭാംഗങ്ങളുടെ പൊതുഅഭിപ്രായം തേടിയ ശേഷമാണ് സാധാരണ സഭാനടപടികള്‍ നീട്ടാറുള്ളതെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഉപാധ്യക്ഷന്‍ ഏകപക്ഷീയ നിലപാട് സ്വീകരിക്കുകയായിരുന്നു. കോവിഡ് ക്രമീകരണങ്ങള്‍ കാരണം രാജ്യഭാംഗങ്ങളില്‍ പകുതി പേര്‍ ലോക്‌സഭയിലാണ് ഇരിക്കുന്നത് എന്നതിനാല്‍ ഇലക്ട്രോണിക് വോട്ടെടുപ്പിന് അസൗകര്യമുണ്ട്. പേപ്പര്‍ ബാലറ്റിലൂടെ മാത്രമെ വോട്ടെടുപ്പു നടക്കു. മൂന്നു മണിക്ക് ലോക്‌സഭാ സമ്മേളനം തുടങ്ങാനിരിക്കുകയുമാണ്. ഇക്കാരണത്താലാണ് രാജ്യസഭയിലെ ചര്‍ച്ച അടുത്ത ദിവസം തുടരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് രാഗേഷ് പറഞ്ഞു.
സര്‍ക്കാര്‍ ഭരണഘടനാപരമായ ചട്ടങ്ങളും പാര്‍ലമെന്റ് ചട്ടങ്ങളുമാണ് ഈ നീക്കത്തിലൂടെ ലംഘിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ ആവശ്യമായ പിന്തുണ രാജ്യസഭയില്‍ സര്‍ക്കാരിന് ഇല്ലാത്തതിനാല്‍ ശബ്ദവോട്ടോടെ പാസാക്കാനുള്ള തിടുക്കത്തിലായിരുന്നു സര്‍ക്കാരെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ശബ്ദ വോട്ടിനു പകരം എംപിമാര്‍ക്ക് വോട്ടു രേഖപ്പെടുത്താനുള്ള അവസരം ലഭിച്ചിരുന്നുവെങ്കില്‍ കാര്‍ഷിക ബില്ലിന്റെ യഥാര്‍ത്ഥ ഗതി വ്യക്തമാകുമായിരുന്നു. സര്‍ക്കാരുമായി ഒത്തുകളിച്ചാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങ് ശബ്ദവോട്ടിലൂടെ ബില്ലുകള്‍ നീക്കിയതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.