ന്യൂദല്‍ഹി-കേസ് നടത്താന്‍ തന്റെ പക്കല്‍ സ്വത്തൊന്നും അവശേഷിക്കുന്നില്ലെന്ന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ അറിയിച്ചതിനു പിന്നാലെ പരിഹാസവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഭാര്യയുടെ ആഭരണം വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും സ്വന്തമായി ഒന്നുമില്ലെന്നും ഒരു കാര്‍ മാത്രമാണുള്ളതെന്നുമാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയെ അറിയിച്ചത്. ഈ വ്യക്തിക്കാണ് മോഡി 30,000 കോടിയുടെ റഫാല്‍ ഓഫ്‌സെറ്റ് കരാര്‍ നല്‍കിയിരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. കോടതി ചെലവിനു പണം കണ്ടെത്താന്‍ ഭാര്യയുടെ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ എല്ലാ ആഭരണങ്ങളും വിറ്റ ശേഷം തനിക്ക് 9.9 കോടി രൂപ ലഭിച്ചുവെന്നും അര്‍ത്ഥവത്തായ ഒന്നും താന്‍ സ്വന്തമാക്കിയിട്ടില്ലെന്നുമാണ് അനില്‍ അംബാനി പറഞ്ഞത്.തന്റെ ജീവിത ശൈലിയെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. 'ഞാന്‍ ഒരു ആഡംബര മോഹിയല്ല, ലളിതമായ ജീവിതമാണ് നയിക്കുന്നത്. റോയ്‌സ് കാര്‍ സ്വന്തമാക്കിയിട്ടില്ല. ഇപ്പോള്‍ ഒരു കാര്‍ മാത്രമാണ് ഉപയോഗിക്കുന്നത്' അനില്‍ അംബാനി വ്യക്തമാക്കി. മൊഴിയെടുപ്പ് രഹസ്യമാക്കണമെന്ന അംബാനിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.