ന്യൂദല്‍ഹി- പ്രതിരോധ രംഗത്തെ പരസ്പര സഹകരണവും പങ്കാളിത്തും കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യയും ഇസ്രായിലും ധാരണയായി. ഹൈടെക് മിസൈലുകള്‍, ഡ്രോണുകള്‍, റഡാറുകള്‍, ബോംബുകള്‍ തുടങ്ങിയ ആയുധങ്ങള്‍ ഇരുരാജ്യങ്ങളും ഒന്നിച്ചു വികസിപ്പിച്ചെടുക്കുകയും അവ നിര്‍മ്മിച്ച് സൗഹദൃ രാജ്യങ്ങള്‍ക്കു വില്‍പ്പന നടത്താനുമാണ് പദ്ധതി. ഇരു രാജ്യങ്ങളും സഹകരിച്ചുള്ള ആയുധ വികസനത്തിന് നേരത്തെ നിലവിലുള്ള സംയുക്ത കര്‍മ സമിതിക്കു കീഴില്‍ ഒരു പുതിയ ഉപസമിതി രൂപീകരിച്ചു. ഇന്ത്യയുടേയും ഇസ്രായിലിന്റേയും പ്രതിരോധ സെക്രട്ടറിമാരാണ് ഈ ഉപ കര്‍മ സമിതി തലവന്‍മാര്‍.
പ്രതിരോധ വ്യവസായ സഹകരണത്തിനായുള്ള ഈ സമിതി പ്രധാനമായും ശ്രദ്ധയൂന്നുന്നത് സാങ്കേതിക വിദ്യാ കൈമാറ്റം, ഒന്നിച്ചുള്ള ആയുധ വികസനവും ഉല്‍പ്പാദനവും, സാങ്കേതികവിദ്യാ സുരക്ഷ, നിര്‍മിത ബുദ്ധി, മറ്റു രാജ്യങ്ങളിലേക്കുള്ള സംയുക്ത കയറ്റുമതി എന്നിവയലാണ്. രണ്ടു പതിറ്റാണ്ടോളമായി ഇന്ത്യയ്ക്കു ഏറ്റവും കൂടുതല്‍ ആയുധം വില്‍ക്കുന്ന നാലാമത്തെ രാജ്യമാണ് ഇസ്രായില്‍. ഓരോ വര്‍ഷവും ശതകോടി ഡോളറിന്റെ ആയുധ കച്ചവടം ഇസ്രായിലുമായി ഉണ്ട്. ഈ ഇടപാടുകള്‍ വര്‍ധിക്കുകയും കൂടുതല്‍ ശക്തമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും സഹകരിച്ച് ആയുധ ഗവേഷണ, വികസന, ഉല്‍പ്പാദന പദ്ധതിക്ക് രൂപം നല്‍കിയതെന്ന് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മീസൈലുകള്‍, സെന്‍സറുകള്‍, സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ ലോകത്ത് ഒന്നാം നിരയിലാണ് ഇസ്രായിലെന്നും അദ്ദേഹം പറഞ്ഞു.