ന്യൂദല്‍ഹി- യെസ് ബാങ്ക് സഹ പ്രൊമോട്ടര്‍ റാണാ കപൂറിന്റെ ലണ്ടനിലെ 127 കോടി രൂപയുടെ ഫ്‌ളാറ്റ് കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. റാണാ കപൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തുടരുന്ന പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. ലണ്ടന്‍ സൗത്ത് ഓഡ്‌ലി സ്ടീറ്റിലുള്ള അപ്പാര്‍ട്ട്‌മെന്റ് കണ്ടുകെട്ടിയതായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റാണാ കപൂര്‍ 2017 ല്‍ 93 കോടി രൂപ നല്‍കി വാാങ്ങിയതാണ് ഇപ്പോള്‍ 127 കോടി രൂപ വിപണി വിലയുള്ള കെട്ടിടം. ഈ കെട്ടിടം വിറ്റൊഴിവാക്കുന്നതിന് റാണാകപൂര്‍ ശ്രമം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇ.ഡിയുടെ നടപടി.
കണ്ടുകെട്ടല്‍ നടപടി പ്രാവര്‍ത്തികമാക്കുന്നതിന് ഇ.ഡി ഇനി ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിക്കും. പി.എം.എല്‍.എ പ്രകാരം ഉത്തരവ് പ്രകടിപ്പിച്ചതിനാല്‍ ഇനി ഈ കെട്ടിടം വില്‍ക്കാന്‍ സാധ്യമല്ല. പണം വെളുപ്പിക്കല്‍ നിയമപ്രകാരം തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി യു.എസ്, ദുബായ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലുള്ള ആസ്തികള്‍ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിട്ടുണ്ട്. യെസ് ബാങ്ക് നിരവധി പേര്‍ക്ക് കോടിക്കണക്കിന് നിയമവിരുദ്ധ വായ്പ നല്‍കിയെന്ന സി.ബി.ഐ കുറ്റപത്രം പരിശോധിച്ച ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റെ ഡയരക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്.