ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ നികുതി തര്‍ക്കക്കേസില്‍ വോഡാഫോണിന് അനുകൂല വിധി. 20,000 കോടി രൂപയുടെ നികുതി ബാധ്യതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കമാണ് കോടതി തീര്‍പ്പാക്കിയത്. വോഡാഫോണ്‍ കമ്പനിക്കു മേല്‍ നികുതിയും അതിന്റെ പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ വിധിച്ചു.
വോഡാഫോണില്‍നിന്ന് കുടിശ്ശിക ഈടാക്കരുതെന്നും നിയമ നടപടികള്‍ക്കായുള്ള ചെലവിനത്തില്‍ ഭാഗിക നഷ്ടപരിഹാരമായി 54.7 ലക്ഷം ഡോളര്‍ ഇന്ത്യ നല്‍കണമെന്നും വിധിച്ചിട്ടുണ്ട്. 2007 ല്‍ ഹച്ചിസണില്‍നിന്ന് ഇന്ത്യയിലെ ടെലികോം ആസ്തി വോഡാഫോണ്‍ ഏറ്റെടുത്തതാണ് നികുതി തര്‍ക്കത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാന്‍ ബാധ്യതയുണ്ടെന്ന് അന്ന് സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചിരുന്നു. 11 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലാണ് വോഡാഫോണ്‍ നടത്തിയിരുന്നത്. രണ്ടാം യുപിഎ സര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട് 11,000 കോടി രൂപ നികുതി അടയ്ക്കണമെന്ന് വോഡാഫോണിനോട് ആവശ്യപ്പെട്ടത്. ആദായ നികുതി നിയമപ്രകാരം ഉറവിടത്തില്‍ (ടിഡിഎസ്) നിന്ന് നികുതി ഈടാക്കി അടയ്ക്കാന്‍ വോഡാഫോണിന് ബാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചത്. പിഴയും പലിശയുമുള്‍െപ്പടെയാണ് ഈതുക 20,000 കോടിയായി ഉയര്‍ന്നത്