ദല്‍ഹി കലാപത്തില്‍  ഖാലിസ്ഥാന്‍ വാദികള്‍ക്കും പങ്കെന്ന് പോലീസ്

ന്യൂദല്‍ഹി- ദല്‍ഹി കലാപക്കേസിലെ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച രേഖകളില്‍ ഖാലിസ്ഥാന്‍ വാദികളുടെയും പാക് ചാര സംഘടനയായ ഐ.എസ്.ഐയുടേയും പേരുകള്‍. ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തോടൊപ്പമുള്ള രേഖകളിലാണ് ഇക്കാര്യമുള്ളത്.
കേസില്‍ യു.എ.പി.എ ചുമത്തിയിട്ടുള്ള അത്തര്‍ ഖാന്‍ എന്ന യുവാവ് ഖാലിസ്ഥാന്‍ വാദികളുടെയും ഐ.എസ്.ഐയുടെയും പങ്ക് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഖാലിസ്ഥാനെ പിന്തുണക്കുന്ന ബഗിച്ചാ സിംഗ്, ലവ്പ്രീത് സിംഗ് എന്നിവരെ ഷഹീന്‍ബാഗ് പ്രക്ഷോഭ വേദിക്ക് സമീപം കണ്ടുവെന്ന് റിസ്‌വാന്‍ സിദ്ദിഖി എന്ന ഒരു പരിചയക്കാരന്‍ തന്നോട് പറഞ്ഞുവെന്നാണ് 25 കാരനായ അത്തര്‍ ഖാന്‍ പോലീസിനോട് പറഞ്ഞതത്രെ.
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ പ്രക്ഷോഭം നടത്തുന്നവരെ പിന്തുണക്കാന്‍ ഖാലിസ്ഥാന്‍ വാദികളോട് ഐ.എസ്.ഐ നിര്‍ദ്ദേശിച്ചുവെന്നാണ് യുവാവ് പറയുന്നത്.
ഖാലിസ്ഥാന്‍ വാദികള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവരുടെ ആളുകളെ പ്രക്ഷോഭ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും റിസ്‌വാന്‍ പറഞ്ഞു. ജബര്‍ജംഗ് സിംഗ് എന്നയാള്‍ കലാപം നടന്ന ചാന്ദ് ബാഗ് പ്രദേശത്ത് എത്തുകയും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രസംഗിക്കുകയും ചെയ്തു. ബഗിച്ചാ സിംഗാണ് ഇയാളെ അയച്ചതെന്നാണ് വെളിപ്പെടുത്തിയതെന്നും യുവാവ് വെളിപ്പെടുത്തിയത്രെ. 


 

Latest News