പട്‌ന- കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി പട്‌നയില്‍ ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി) നടത്തിയ വാഹന റാലിക്കു നേരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. പിക്കപ് വാനിലുണ്ടായിരുന്ന സമരക്കാരെ പോലീസ് നോക്കിനില്‍ക്കെ ബിജെപി പ്രവര്‍ത്തകര്‍ വടികളുമായി പൊതിരെ തല്ലുകയും വാഹനം ആക്രമിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങള്‍ പ്രചരിച്ചു. ജെഎപി അധ്യക്ഷന്‍ രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിക്കിടെയാണ് സംഭവം. മുന്‍ എംഎല്‍എ രാം ചന്ദ്രനും പാര്‍ട്ടിയുടെ യുവനേതാക്കളായ വിശാല്‍ കുമാര്‍, മനീഷ് എന്നിവര്‍ക്കും പരിക്കേറ്റതായി ജെഎപി വക്താവ് അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജെപി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് പപ്പു യാദവ് പറഞ്ഞു.
റാലി മുന്നോട്ടു നീങ്ങുന്നതിനിടെ ഗതാഗതക്കുരുക്ക് കാരണം വീര്‍ചന്ദ് പട്ടേല്‍ റോഡിലെ ബിജെപി ഓഫീസിനു സമീപം കുടുങ്ങിയ പിക്കപ് വാനിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബിജെപി സിന്ദാബാദ്, നരേന്ദ്ര മോഡി സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി ആക്രമികള്‍ വാഹനത്തേയും അതിലുള്ളവരേയും വളഞ്ഞിട്ടാക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമികളെ പോലീസ് തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഒടുവില്‍ പോലീസെത്തി ആക്രമികളെ തടയുന്നതും ദൃശ്യത്തിലുണ്ട്.
These Modi Bhakts/BJP Goons who are using lathis to beat up our Kisan protestors have full protection of the local police in this Goonda raj https://t.co/OYsKrEsN1N
— Prashant Bhushan (@pbhushan1) September 25, 2020
കര്‍ഷകര്‍ ബിജെപി ബിഹാറില്‍ കുഴിച്ചുമൂടുമെന്ന് പപ്പു യാദവ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടായ ഓരോ പ്രഹരത്തിനും ജനം പകരം ചോദിക്കും. കര്‍ഷക വിരുദ്ധനായ നരേന്ദ്ര മോഡി ഈ ഭീകരരുടെ ഭീകരപ്രവര്‍ത്തനം കാണണം. താങ്കളുടെ അവസാനം ഇന്ന് ബിഹാറില്‍ നിന്ന് ആരംഭിച്ചിരിക്കുകയാണ്- പപ്പു യാദവ് ട്വീറ്റ് ചെയ്തു.