ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ വിവാദ കാര്‍ഷിക ബില്ലുകല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി വെള്ളിയാഴ്ച കര്‍ഷകര്‍ പ്രതിഷേധ സമരങ്ങളുമായി തെരുവിലിറങ്ങി. ഹരിയാനയിലും പഞ്ചാബിലും ശക്തമായ പ്രതിഷേധമാണ് അലയടിച്ചത്. യുപിയിലും ബിഹാറിലും മധ്യപ്രദേശിലും കര്‍ണാടകയിലും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നു. 350ലേറെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വിത്തിലാണ് ഭാരത് ബന്ദ് നടത്തിയത്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പലയിടത്തും പ്രധാന ഹൈവേകള്‍ അടക്കം റോഡുകള്‍ ഉപരോധിച്ചു. ചിലയിടങ്ങളില്‍ ട്രെയ്‌നുകളും തടഞ്ഞു.
ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമോഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് അഗ്രിമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്റ് ഫാം സര്‍വീസസ് ബില്‍ 2020, എസന്‍ഷ്യല്‍ കമോഡിറ്റീസ് ബില്‍ 2020, തൊഴില്‍ നിയമ പരിഷ്‌ക്കര ബില്‍ എന്നി പിന്‍വലിക്കണമെന്നാവശ്യപ്പാണ് സമരം. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഈ ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിച്ചാല്‍ നിയമമാകും. ഇതിന് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് രാജ്യവ്യാപകമായി കര്‍ഷകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഈ ബില്ലുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ഇനിയും ശ്ക്തമാകുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കി.
കോണ്‍ഗ്രസ്, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, 10 പ്രധാന ട്രേഡ് യൂണിയനുകള്‍ എന്നിവര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരെ അടിമകളാക്കുകയും മിനിമം താങ്ങുവില അവരില്‍ നിന്ന് തട്ടിപ്പിടിക്കുന്നതുമാണ് പുതിയ കാര്‍ഷിക ബില്ലുകളെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മിനിമം താങ്ങുവില സംവിധാനം ഇല്ലാതാക്കുന്ന ഈ നിയമങ്ങള്‍ പ്രാബല്യത്തിലായാല്‍ കര്‍ഷകര്‍ വന്‍കിട കോര്‍പറേറ്റുകളുടെ കനിവില്‍ കഴിയേണ്ട ഗതിവരുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സമരം ശക്തമായതോടെ കര്‍ഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു.