പിത്തോഗ്രാഹ്- കാലാപാനി പ്രദേശങ്ങളില്‍ സെന്‍സസ് നടത്താന്‍ പദ്ധതിയുമായി നേപ്പാള്‍ ദേശീയ ആസൂത്രണ കമ്മീഷനും സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സും. ലിംപൈദുര, കലാപാനി, ലിപുലെഖ് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാമങ്ങളിലാണ് സെന്‍സസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂള്‍ പാഠപുസ്തകങ്ങളിലും നാണയങ്ങളിലും പ്രദേശങ്ങളുടെ ഭൂപടം ഉള്‍പ്പെടുത്താനുള്ള നേപ്പാള്‍ സര്‍ക്കാരിന്റെ നീക്കത്തിനൊടുവിലാണ് ഇപ്പോള്‍ അവര്‍ സ്വന്തമായി അവകാശപ്പെടുന്ന മേഖലകളില്‍ സെന്‍സസ് നടത്താന്‍ തയാറെടുക്കുന്നത്.സെന്‍സസ് നടത്താന്‍ ആവശ്യമായ ചോദ്യങ്ങള്‍ തയാറാക്കി കഴിഞ്ഞുവെന്ന അധികൃതരുടെ വാക്കുകളോട് പ്രദേശത്തെ ഗ്രാമവാസികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു.നേപ്പാള്‍ നടത്തുന്ന ഒരു സെന്‍സസിലും തങ്ങള്‍ പങ്കെടുക്കില്ലെന്നും ഇന്ത്യയിലെ പൗരന്മാരായ ഞങ്ങള്‍ നേപ്പാള്‍ സര്‍ക്കാര്‍ നടത്തുന്ന സെന്‍സസില്‍ എന്തിന് പങ്കെടുക്കണം എന്നുമാണ് ബുദി ഗ്രാമത്തിലെ താമസക്കാരനായ മഹേന്ദ്ര ബുഡിയാല്‍ ചോദിക്കുന്നത്.
നേപ്പാളിലെ രാഷ്ട്രിയ നേതൃത്വത്തിന്റെ പേരില്‍ നടക്കുന്ന പുതിയ പദ്ധതികളെ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും എതിര്‍ക്കുന്നു. നേപ്പാളിലെ ഇത്തരം നീക്കങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും അത്തരം തിരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നതുമല്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായെത്തുന്ന നേപ്പാളിലെ ഒരു ടീമിനെയും പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലായെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍,ഓരോ 10 വര്‍ഷത്തിലും ഒരു സെന്‍സസ് വീതം തങ്ങള്‍ നടത്തുന്നുവെന്നും വീടുതോറുമുള്ള സര്‍വേ സാധ്യമല്ലെങ്കില്‍ സെന്‍സസ് എടുക്കുന്നതിനുള്ള മറ്റ് മാര്‍ഗ്ഗങ്ങളും നേപ്പാള്‍ പരിശോധിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.