കൊണ്ടഗാവ്- ഛത്തീസ്ഗഢിലെ കൊണ്ടഗാവ് ജില്ലയിലെ അഞ്ചു ഗ്രാമങ്ങളില്‍ നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കെതിരെ വ്യാപക ആള്‍ക്കൂട്ട ആക്രമണം. പ്രാദേശിക ഗോത്ര സംസ്‌ക്കാരം പിന്തുടരുന്നില്ലെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം വ്യാപകമായി വീടുകള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. ചുരുങ്ങിയത് 14 ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വീടുകള്‍ രണ്ടായിരത്തോളം വരുന്ന ആളുകള്‍ കൂട്ടമായെത്തി ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തെന്ന് ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കക്ഡബേഡ, സിലാതി, സിംഗങ്പൂര്‍ എന്നിവടങ്ങളില്‍ നിരവധി ക്രിസ്ത്യന്‍ വിശ്വാസികളെ ആള്‍ക്കൂട്ടം മര്‍ദിച്ചുവെന്നും മതം ഉപേക്ഷിക്കാനാണ് അക്രമികള്‍ ആവശ്യപ്പെടുന്നതെന്നും അരുണ്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ഈ മേഖലകളില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദര്‍ രാജ് പി പറഞ്ഞു. ഇവിടെ ഏതാനും കുടുംബങ്ങള്‍ കഴിഞ്ഞ ആറു വര്‍ഷമായി ക്രിസത്യന്‍ വിശ്വാസമാണ് പിന്തുടരുന്നത്. ഇവര്‍ ഗോത്ര ആചാരങ്ങളും പ്രാദേശിക ആഘോഷങ്ങളും പിന്തുടരുന്നില്ല എന്ന ആക്ഷേപം കാരണം ഈ ഗ്രാമങ്ങളിലെ ഗോത്ര സമുദായവും ഇവരും തമ്മില്‍ പ്രശ്‌നമുണ്ട്. ഇതാണ് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കാന്‍ പോലീസ് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഐജി വ്യക്തമാക്കി.