ന്യൂദല്‍ഹി- ഗില്‍ഗിത്-ബല്‍തിസ്ഥാന്‍ പ്രവിശ്യയിലെ നിയമസഭയിലേക്ക് നവംബര്‍ 15ന് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പ്. വന്‍ സൈനിക സാന്നിധ്യമുള്ള മേഖലയുടെ നിലവിലെ സ്ഥിതി മാറ്റാനുള്ള പാക് നീക്കത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ വിയോജിപ്പാണ് ഉള്ളത്. പാക് പ്രസിഡന്റ് ഡോ. ശരീക് അല്‍ലി ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പു പ്രഖ്യാപനം നടത്തിയത്. നിയമവിരുദ്ധമായും ബലംപ്രയോഗിച്ചും അധീനതയിലാക്കിവെച്ചിരിക്കുന്ന മേഖലയില്‍ തെരഞ്ഞെടുപ്പു നടത്താന്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനോ ജുഡീഷ്യറിക്കോ വ്യവഹാരവകാശമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പാക്കിസ്ഥാന്റെ നീക്കം തുടക്കംമുതല്‍ വ്യര്‍ത്ഥമാണെന്നും അദ്ദേഹം പറഞ്ഞു. ഗില്‍ഗിത് ബല്‍തിസ്ഥാന്‍ മേഖല ഉള്‍പ്പെടെ കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടമാണ്, അത് അങ്ങനെ തന്നെ തുടരും. ഇക്കാര്യത്തില്‍ നിലപാട് വ്യക്തവും സ്ഥിരവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗില്‍ഗിത് ബല്‍തിസ്ഥാനില്‍ തെരഞ്ഞെടുപ്പു നടത്താന്‍ 2018ലാണ് പാക് സുപ്രീം കോടതി സര്‍ക്കാരിനു അനുമതി നല്‍കിയത്. ഈ ഉത്തരവിനെതിരെ അന്നും ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.