ഗുവാഹത്തി- പുതുതായി വിവാഹിതരായ, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ വനിതകള്‍ക്ക് 10 ഗ്രാം സ്വര്‍ണം സമ്മാനം നല്കുന്ന പദ്ധതി അസം സര്‍ക്കാര്‍ അവതരിപ്പിച്ചു. അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമുള്ള ഈ സമ്മാനം സ്വര്ണമായല്ല നല്‍കുന്നത്. ഒരു ടോല (10 ഗ്രാമിനടുത്ത്) സ്വര്‍ണത്തിന്റെ വില പണമായാണ് വിതരണം ചെയ്യുന്നത്. അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ നവവധുമാര്ക്ക് 40,000 രൂപ ലഭിക്കും. 1954ലെ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്തവരായിരിക്കണം എന്ന നിബന്ധനയുണ്ട്. വിവാഹ സമയത്ത് വധുവും വരനും നിയമപ്രകാരമുള്ള വിവാഹ പ്രായം എത്തിയവരായിരും പത്താം ക്ലാസ് പാസായവര്‍ ആയിരിക്കുകയും വേണം. ആദ്യ വിവാഹത്തിനു മാത്രമെ ഈ ആനുകൂല്യം ലഭിക്കൂ. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കളെ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. പദ്ധതിയുടെ ഉല്‍ഘാടന പരിപാടിയില്‍ 30 ജില്ലകളില്‍ നിന്നായി നൂറോളം നവദമ്പതിമാര്‍ പങ്കെടുത്തു. ഈ പദ്ധതിക്കായി 1121 ദമ്പതികളാണ് അപേക്ഷിച്ചത്. 587 പേര് മാത്രമാണ് യോഗ്യരായവരെന്നും സര്‍ക്കാര്‍ അറിയിച്ചു.