സാമ്പത്തിക മേഖലയിൽ മോഡി സർക്കാർ ഏത് പരിഷ്‌കരണ നടപടികൾ കൊണ്ടുവന്നാലും സംശയത്തോടെയേ കാണാൻ പറ്റൂ. നോട്ടു നിരോധനം, അശാസ്ത്രീയമായ ജി.എസ്.ടി തുടങ്ങിയ അനുഭവങ്ങൾ അതാണ് നമ്മെ പഠിപ്പിക്കുന്നത്. പാർലമെന്റ് പാസാക്കിയ വിവാദമായ മൂന്ന് കർഷക ബില്ലുകളുകളുടെ കാര്യത്തിലും അതു തന്നെ. ഒറ്റനോട്ടത്തിൽ ബില്ലിലെ വ്യവസ്ഥകൾ കർഷകർക്ക് ഗുണകരമാണെന്ന് തോന്നാം. എന്നാൽ അവ നടപ്പിലായി അധികം വൈകുംമുമ്പേ തങ്ങൾ വൻകിട കുത്തകകളുടെയും റീട്ടെയിൽ ഭീമന്മാരുടെയും ചൊൽപ്പടിയിലാവുമോ എന്നൊരു സംശയം രാജ്യത്തെ കർഷകരിൽ ബലപ്പെട്ടുവരുന്നു. പഞ്ചാബിലും ഹരിയാനയിലും തുടങ്ങി, ക്രമേണ രാജ്യം മുഴുവൻ പടരുന്ന കർഷക പ്രക്ഷോഭത്തിനു കാരണവും അതുതന്നെ.
പാർലമെന്റിലെ വൻ ഭൂരിപക്ഷത്തിന്റെ മുഷ്‌കിൽ, രാജ്യത്തെ സാമ്പത്തിക പ്രവർത്തനത്തിലെ ഏറ്റവും പ്രധാന വിഭാഗമായ, കർഷകരുടെ ഭാവിയെ ബാധിക്കുന്ന സുപ്രധാനമായ മൂന്ന് ബില്ലുകൾ വേണ്ടത്ര ചർച്ചയോ സംവാദമോ കൂടാതെ തിടുക്കത്തിൽ പാസാക്കാനുള്ള സർക്കാരിന്റെ വ്യഗ്രത തന്നെ സംശയത്തിനിട നൽകുന്നതാണ്. ഇതിന് സ്വന്തം ക്യാമ്പിൽ നിന്നുതന്നെ ഇക്കാര്യത്തിൽ ബി.ജെ.പിക്ക് ആദ്യ തിരിച്ചടി കിട്ടി. എൻ.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ നേതാവ് ഹർസിംറത് കൗർ ബാദൽ കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവെച്ചു.
കേന്ദ്ര സർക്കാർ വഴങ്ങാത്തപക്ഷം എൻ.ഡി.എ വിടുമെന്ന ഭീഷണിയാണ് അകാലിദൾ ഇപ്പോൾ മുഴക്കുന്നത്. ഹരിയാനയിലെ സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടിയും ഉടക്കി നിൽക്കുകയാണ്. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും അസ്വാരസ്യങ്ങൾ തലപൊക്കുന്നുണ്ട്.
പാർലമെന്റിലാവട്ടെ പ്രതിപക്ഷ കക്ഷികൾ സംയുക്തമായി വൻ പ്രതിഷേധമാണുയർത്തുന്നത്. തിടുക്കപ്പെട്ട് പാസാക്കിയ ബില്ലുകൾ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചു. എന്നാൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന നിലപാടിലാണ് സർക്കാർ. നല്ല ഭൂരിപക്ഷമുള്ള സ്ഥിതിക്ക് ബില്ലുകൾ വിശദമായ ചർച്ചകൾക്കുശേഷവും വേണ്ടിവന്നാൽ ഭേദഗതികളോടെയും പാസാക്കാമെന്നിരിക്കെ, സർക്കാർ അതിന് തയാറാവാത്തത് സംശയം ജനിപ്പിക്കുന്നുണ്ട്.
മൂന്ന് ബില്ലുകളും രാജ്യത്തെ കാർഷിക മേഖലക്ക് പുത്തനുണർവ് നൽകുന്നതും, കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതുമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും പറയുന്നത്. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് കർഷകർ ഇതോടെ മുക്തമാവുകയാണെന്നും കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ഈ-ട്രേഡിംഗിലൂടെ രാജ്യത്ത് എവിടെയുള്ളവർക്കുവേണമെങ്കിലും വിലപേശി വിൽക്കാമെന്ന അവസ്ഥ വരുമെന്നുമാണ് പറയുന്നത്. കാർഷിക മേഖലയിൽ വൻകിട സ്ഥാപനങ്ങളുടെ സഹായത്തോടെ ആധുനിക സാങ്കേതികവിദ്യയും യന്ത്രവൽക്കരണവും എത്തുന്നതോടെ ഉൽപാദനം വർധിക്കുകയും കൃഷി ലാഭകരമായി മാറുകയും ചെയ്യുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, ഇപ്പോഴത്തെ സമരങ്ങൾ ഇടനിലക്കാർക്കുവേണ്ടിയുള്ളതാണെന്നും കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ ഈ ബില്ലുകൾ നിയമമാവുന്നതോടെ വിളകൾക്കുള്ള താങ്ങുവില ഇല്ലാതാവുമെന്നാണ് കർഷകരുടെ പ്രധാന ആശങ്ക. താങ്ങുവില തുടരുമെന്ന് കേന്ദ്ര മന്ത്രി തോമർ പറയുന്നുണ്ടെങ്കിലും, ക്രമേണ പിൻവലിക്കപ്പെടുമെന്ന് പ്രതിപക്ഷ നേതാക്കൾ സംശയിക്കുന്നു. താങ്ങുവില സമ്പ്രദായം ക്രമേണ ഒഴിവാക്കുമെന്ന് സർക്കാർ ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ സാമ്പത്തിക സർവേയിൽ പറഞ്ഞ കാര്യമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ പഞ്ചാബിലും ഹരിയാനയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാർഷികോൽപന്നങ്ങളുടെ വ്യാപാരം നടക്കുന്നത് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി) ചന്തകൾ കേന്ദ്രീകരിച്ചാണ്. പുതിയ സംവിധാനത്തിൽ ഇത്തരം ചന്തകളുടെ പ്രസക്തി ക്രമേണ ഇല്ലാതാവും. അങ്ങനെ വരുമ്പോൾ അധികം താമസിയാതെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ചെറുകിട -ഇടത്തരം കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കാൻ വിരലിലെണ്ണാവുന്ന കുത്തകകളോ, ബഹുരാഷ്ട്ര റീട്ടെയിലുകളോ മാത്രമേ ഉണ്ടാവൂ എന്ന അവസ്ഥ വരും. ക്രമേണ രാജ്യത്ത് എന്ത് കൃഷി ചെയ്യണം, എന്ത് വില കൊടുക്കണമെന്നെല്ലാം കുത്തകകൾ തീരുമാനിക്കും. കർഷകർ നിസ്സഹായരാവും, സർക്കാർ പിൻവലിയും. ഈ അപകടമാണ് പ്രതിപക്ഷവും ബില്ലിനെ എതിർക്കുന്നവരും ചൂണ്ടിക്കാട്ടുന്നത്. ഇതൊന്നും ശരിയല്ലെന്ന നിലപാടിലാണ് സർക്കാർ ഇപ്പോഴും. എന്നാൽ എന്തുകൊണ്ട് പാർലമെന്റിൽ വിശദമായ ചർച്ച നടത്താതെ തിടുക്കത്തിൽ പാസാക്കി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമില്ല.
അവശ്യസാധന നിയമ ഭേദഗതി, കാർഷികോൽപന്ന വ്യാപാര വാണിജ്യ നിയമം, കർഷക (ശാക്തീകരണ, സംരക്ഷണ) വില ഉറപ്പാക്കൽ കൃഷി സേവന നിയമം എന്നിവയാണ് പാർലമെന്റ് പാസാക്കിയ വിവാദ നിയമങ്ങൾ. മൂന്നും കേന്ദ്രം നേരത്തെ ഓർഡിനൻസായി പുറത്തിറക്കിയതാണ്. എന്നാൽ ഇവക്ക് പിന്നിൽ കർഷക താൽപര്യമല്ല, കുത്തകകളുടെ താൽപര്യമാണെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. കൃഷി മന്ത്രിക്കുപകരം ധനമന്ത്രി നിർമല സീതാരാമനാണ് മൂന്ന് ബില്ലുകളെക്കുറിച്ചുമുള്ള പ്രഖ്യാപനം നടത്തിയത്. കോവിഡ് സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി ഇക്കഴിഞ്ഞ മേയ് 15നായിരുന്നു അത്.
ഒറ്റ നോട്ടത്തിൽ എന്ത് കുഴപ്പമെന്ന് ചോദിക്കാവുന്ന വ്യവസ്ഥകളാണ് മൂന്ന് ബില്ലുകളിലുമുള്ളത്. എന്നാൽ ചന്തകളിലെ ഇടനിലക്കാരെന്ന ചെറിയ കവലച്ചട്ടമ്പിമാരെ കാണിച്ച് പേടിപ്പിച്ച് കർഷകരെ ഒന്നാകെ വൻകിട കുത്തകകളെന്ന രാക്ഷസൻമാരുടെ മുന്നിലേക്ക് ആട്ടിത്തെളിക്കുന്നവയാണ് അവയെന്ന് വിമർശകർ പറയുന്നു. ആദ്യം കാർഷികോൽപന്ന വ്യാപാര വാണിജ്യ നിയമം എടുക്കാം. ഇതനുസരിച്ച് കർഷകർക്ക് എ.പി.എം.സി ചന്തകൾക്ക് പുറത്തും ഉൽപന്നങ്ങൾ വിൽക്കാം. പാൻ കാർഡുള്ള ആർക്കും ഉൽപന്നങ്ങൾ വിൽക്കാമെന്ന വിധത്തിൽ ഉദാരമാണ് നിയമം. മാത്രമല്ല ഇ-ട്രേഡിംഗ് വഴി ഇതര സംസ്ഥാങ്ങളിലുള്ളവർക്കും കാർഷികോൽപന്നങ്ങൾ വിൽക്കാം. ഇങ്ങനെ വിൽക്കുമ്പോൾ സംസ്ഥാന സർക്കാരുകൾ കർഷകരിൽനിന്ന് മാർക്കറ്റ് ഫീസ്, സെസ്, ലെവി എന്നിവ ഈടാക്കുന്നത് നിയമം വിലക്കുകയും ചെയ്യുന്നുണ്ട്. ഒറ്റനോട്ടത്തിൽ കർഷകന് ഗുണകരമെന്ന് തോന്നുമെങ്കിലും താങ്ങുവില സമ്പ്രദായത്തിൽനിന്ന് സർക്കാർ ക്രമേണ പിൻവലിയുന്നതോടെ കർഷകന്റെ വിലപേശൽ ശേഷി ഇല്ലാതാവുമെന്നതാണ് പ്രധാന വിമർശനം.
നിലവിൽ സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവിലയുടെ അടിസ്ഥാനത്തിലാണ് എ.പി.എം.സി ചന്തകളിൽ ധാന്യങ്ങളുടെയും പയർവർഗങ്ങളുടെയും മറ്റും വ്യാപാരം നടക്കുന്നത്. ചന്തകൾ അപ്രസക്തമാവുകയും താങ്ങുവില ഇല്ലാതാവുകയും ചെയ്യുന്നതോടെ കർഷകന് അവരുടെ ഉൽപന്നകൾ കുത്തകകൾ പറയുന്ന വിലക്ക് കൊടുക്കേണ്ടിവരും.
കർഷക (ശാക്തീകരണ, സംരക്ഷണ) വില ഉറപ്പാക്കൽ, കൃഷി സേവന നിയമമാണ് രണ്ടാമത്തേത്. ഇതനുസരിച്ച് കർഷകന് ഉൽപന്നങ്ങൾക്ക് മുൻകൂട്ടി വില നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തിൽ കരാർ കൃഷിയിൽ ഏർപ്പെടാം. അതായത് വാങ്ങുന്നയാൾ പറയുന്ന കാർഷിക വിളകൾ കരാർ പ്രകാരം കർഷകൻ ഉൽപാദിപ്പിച്ച് നൽകണം. വില മുൻകൂട്ടി നിശ്ചയിക്കാം. എന്നാൽ വില നിർണയിക്കുന്ന മാനദണ്ഡം നിയമത്തിൽ വ്യക്തമാക്കുന്നില്ല. ഇവിടെയും താങ്ങുവില ഇല്ലാതാവുന്നതോടെ പണി പാളും. പിന്നെ വാങ്ങുന്ന കുത്തകയാവും വില നിശ്ചയിക്കുക. ഗത്യന്തരമില്ലാതെവരുന്ന കർഷകൻ കീഴടങ്ങേണ്ടിവരും. ഇപ്പോഴുള്ളതിലും വലിയ ചൂഷണത്തിന് കർഷകർ ഇരയാവുമെന്ന് ചുരുക്കം.
അവശ്യസാധന നിയമ ഭേദഗതിയാണ് മൂന്നാമത്തേത്. കാർഷികോൽപന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കുന്നതിന് വഴിയൊരുക്കുന്ന നിയമമാണിത്. ഏതെങ്കിലും ഉൽപന്നത്തിന്റെ വില, പെട്ടെന്ന് ചീത്തയാവാത്തതാണെങ്കിൽ ശരാശരിയിലും അമ്പത് ശതമാനവും, പെട്ടെന്ന് ചീത്തയാവുന്നതാണെങ്കിൽ നൂറ് ശതമാനവും ഉയരുകയാണെങ്കിൽ മാത്രമേ സംഭരണത്തിന് പരിധി വെക്കുകയുള്ളു. അപ്പോൾ പോലും ധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരു, ഭക്ഷ്യ എണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ സംഭരണ നിയന്ത്രണം വരുന്ന അവശ്യവസ്തുക്കളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. പൂഴ്ത്തിവെയ്പ്പിന് ലൈസൻസ് കൊടുക്കുന്ന നിയമമെന്നാണ് ഇതേക്കുറിച്ചുള്ള പ്രധാന വിമർശനം. കർഷകരിൽനിന്ന് ചുളുവിലക്ക് വാങ്ങുന്ന ഉൽപന്നങ്ങൾ വൻതോതിൽ സംഭരിച്ച് കൊള്ളവിലക്ക് വിൽക്കാൻ കുത്തകകൾക്ക് ഇനി നിയമപ്രകാരം തന്നെ സാധിക്കുമെന്ന് ചുരുക്കം.
കർഷകർ മാത്രമല്ല, സംസ്ഥാന സർക്കാരുകളും കേന്ദ്ര നിയമങ്ങൾക്ക് എതിരാണ്. ആത്യന്തികമായി കൃഷിയും കാർഷികോൽപന്ന വിപണിയും സംസ്ഥാന വിഷയമാണെന്നിരിക്കെ കേന്ദ്രം ഏകപക്ഷീയമായി ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നതിൽ സംസ്ഥാനങ്ങൾക്ക് എതിർപ്പുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമേ എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നുള്ളുവെന്ന് മാത്രം. അതിനുപുറമെ പുതിയ നിയമങ്ങൾ കാർഷികോൽപന്ന വിപണിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളുടെ നികുതി വരുമാനം ഇല്ലാതാക്കുന്നതുമാണ്. പഞ്ചാബിന് ഒരു വർഷം 6300 കോടി രൂപയാണ് എ.പി.എം.സി ചന്തകളിൽനിന്നുള്ള വിവിധ നികുതികളിലൂടെ ലഭിക്കുന്നത്. പുതിയ നിയമങ്ങൾക്ക് മുന്നോടിയായി കേന്ദ്രം ഓർഡിനൻസ് ഇറക്കിയതിന് പിന്നാലെ പഞ്ചാബ് നിയമസഭ അവയ്‌ക്കെതിരെ പ്രമേയം പാസാക്കിയതിന് കാരണവും ഇതാണ്.
രാജ്യത്ത് കാർഷിക മേഖലയിൽ ആധുനികവൽക്കരണം കൊണ്ടുവരേണ്ടതും, ഉൽപാദനം വർധിപ്പിക്കേണ്ടതും, കർഷകന് മികച്ച വില ലഭിക്കേണ്ടതുമെല്ലാം സ്വാഗതാർഹമായ കാര്യങ്ങളാണ് എന്നതിൽ തർക്കമില്ല. കോർപറേറ്റുകൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കും അയിത്തം കൽപിക്കേണ്ടതുമില്ല. പക്ഷെ കർഷകരെ കെണിയിലാക്കി കുത്തകകൾക്ക് മാത്രം നേട്ടമുണ്ടാക്കാൻ സർക്കാർ വഴിയൊരുക്കരുത്.