ന്യൂദല്‍ഹി- ദല്‍ഹി കലാപത്തിനിടയാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നിയന്ത്രിച്ചില്ലെന്നും ബിജെപി നേതാക്കളുടെ വിദ്വേഷ, വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നുമുള്ള ആരോപണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഇന്ത്യാ മേധാവിക്കെതിരെ നിര്‍ബന്ധിത നടപടി പാടില്ലെന്ന് സുപ്രീം കോടതി. ഒക്ടോബര്‍ 15 വരെ നടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്. ദല്‍ഹി നിയമസഭാ സമിതി ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ബന്ധിക്കുന്നതിനെതിരെ ഫേസ്ബുക്ക് വൈസ് പ്രസിഡന്റും ഇന്ത്യയിലെ മാനേജിങ് ഡയറക്ടറുമായ അജിത് മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ദല്‍ഹി നിയമസഭാ സെക്രട്ടറി, നിയമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഐടി മന്ത്രാലയം, ലോക്‌സഭ-രാജ്യസഭ സെക്രട്ടറി ജനറല്‍, ദല്‍ഹി പോലീസ് എന്നിവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അജിത് മോഹന്റെ ഹര്‍ജി സംബന്ധിച്ച് മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ, ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ ഹാജരാകണമെന്ന സമന്‍സിനെതിരായ ഫേസ്ബുക്ക് വൈസ് പ്രസിഡന്റിന്റെ ഹര്‍ജിയില്‍ ദല്‍ഹി നിയമസഭയ്ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.
ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇതു സംബന്ധിച്ച യോഗം ചേരില്ലെന്ന് ദല്‍ഹി നിയമസഭയുടെ സമാധാന സമിതി കോടതിയെ അറിയിച്ചു. ബുധനാഴ്ച ചേരാനിരുന്ന യോഗവും റദ്ദാക്കി. അജിത് മോഹനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമിതി രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നു. കേസ് കോടതി ഒക്്‌ടോബര്‍ 15നു വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.