Sorry, you need to enable JavaScript to visit this website.

കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍  തീവ്രവാദികള്‍-കങ്കണ റണാവത്ത്

മുംബൈ- രാജ്യസഭ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍ ആണെന്ന വിവാദ പരാമര്‍ശവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. കര്‍ഷക ബില്ലിനെതിരേ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കങ്കണയുടെ വിവാദ ട്വീറ്റ്.
സിഎഎയെക്കുറിച്ച് തെറ്റായ വിവരങ്ങളും അഭ്യുഹങ്ങളും പ്രചരിപ്പിച്ച കലാപത്തിന് ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ കര്‍ഷക ബില്ലിനെതിരേയും രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഇവര്‍ ഭീകരത സൃഷ്ടിക്കുകയാണ്. അവര്‍ തീവ്രവാദികളാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോഡി കാര്‍ഷിക ബില്ല് സംബന്ധിച്ച് നടത്തിയ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കങ്കണയുടെ അഭിപ്രായ പ്രകടനം.
അതേ സമയം രാജ്യവ്യാപകമായി ഉയരുന്ന കര്‍ഷക പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദനയാവുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ക്ക് പുറമെ മുമ്പില്ലാത്ത രീതിയില്‍ വിഷയത്തില്‍ പ്രതിപക്ഷം യോജിച്ചതാണ് കേന്ദ്രത്തിന് മുന്നില്‍ കൂടുതല്‍ വെല്ലുവിളിയാകുന്നത്. അംഗങ്ങളെ പുറത്താക്കി കാര്‍ഷിക ബില്ലുകളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പ്രതിപക്ഷം യോജിച്ച് നിലപാട് കടുപ്പിച്ചത്.
ബില്ലുകള്‍ക്ക് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്. രാഷ്ട്രപതിയെ കാണാനും സമയം തേടിയിട്ടുണ്ട്.  കാര്‍ഷിക ബില്ലിനെതിരെ 24 ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രധാനമന്ത്രി കര്‍ഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച കോണ്‍ഗ്രസ് രണ്ട് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്രത്തെ പ്രതിഷേധമറിയിക്കാനാണ് തീരുമാനിച്ചത്‌
 

Latest News