ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും കശ്മീര്‍ പ്രശ്‌നത്തിന്റെ പരിഹാരം പ്രധാനമാണെന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് സ്വീകരിച്ച നടപടികള്‍ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നുമാണ് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നത്.
ന്യൂദല്‍ഹി- തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ കശ്മീരിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ അപലപിച്ച് ഇന്ത്യ.
യു.എന്‍ പൊതുസഭയില്‍ ഉന്നതതല ചര്‍ച്ചയില്‍ അഭിസംബോധന ചെയ്യവെ തുര്‍ക്കി പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും അസ്വീകാര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചു. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം നയങ്ങളില്‍ അത് പ്രതിഫലിപ്പിക്കാനും തുര്‍ക്കി പഠിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിനെ കുറിച്ച് തുര്‍ക്കി പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങള്‍ കണ്ടു. അവ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള നഗ്നമായ ഇടപെടലാണ്. ഒരിക്കലും അംഗീകരിക്കാനാവില്ല. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം നയങ്ങളെക്കുറിച്ച് പ്രതിഫലിപ്പിക്കാനും തുര്‍ക്കി കൂടുതല്‍ ആഴത്തില്‍ പഠിക്കണം -തിരുമൂര്‍ത്തി പറഞ്ഞു.
യുഎന്‍ പൊതുസഭയുടെ 75ാമത് സെഷനില്‍ പൊതുചര്‍ച്ചക്കായി മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത വീഡിയോ പ്രസ്താവനയിലാണ് ഉര്‍ദുഗാന്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്. ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും കശ്മീര്‍ പ്രശ്‌നത്തിന്റെ പരിഹാരം പ്രധാനമാണെന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് സ്വീകരിച്ച നടപടികള്‍ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നുമാണ് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നത്.
ഐക്യരാഷ്ട്ര പ്രമേയങ്ങളുടെ ചട്ടക്കൂടിനുള്ളിലും കശ്മീരിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായും സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിന് തുര്‍ക്കി അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കി പ്രസിഡന്റ് കഴിഞ്ഞ വര്‍ഷവും പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാന്‍ സഖ്യകക്ഷി ആയതിനാലാണ് തുര്‍ക്കി കശ്മീര്‍ പ്രശ്‌നം ഉന്നയിക്കുന്നതെന്നാണ് ഇന്ത്യയുടെ വാദം.
പാക്കിസ്ഥാനുമായുള്ള എല്ലാ കാര്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലുടെ പരിഹരിക്കണമെന്ന് ചൂണ്ടിക്കാണിക്കുന്ന ഇന്ത്യ കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടലിനെ പൂര്‍ണമായും നിരാകരിക്കുന്നു.