മുംബൈ- 4000 രൂപയുടെ സ്മാർട്ഫോണുകൾ വിപണിയിലിറക്കാൻ റിലയൻസ് ജിയോ വിവിധ ഉൽപാദകരുമായി ചർച്ചകൾ സജീവമായി. അടുത്ത രണ്ടു വർഷത്തിനകം 20 കോടി ജിയോ സ്മാർട്ഫോണുകൾ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാനാണു ജിയോ പദ്ധതി. ഇതിനായി ഉൽപ്പാദനം വേഗത്തിലാക്കാൻ റിലയൻസ് ഇന്ത്യൻ കന്പനികൾക്ക് നിർദേശം നൽകി. ആഭ്യന്തര വിപണിയിൽ മുന്നേറ്റമാകാനിരിക്കുന്നു ഈ നീക്കം ഷവോമി പോലുള്ള എതിരാളികൾക്കുള്ള മുന്നറിയിപ്പു കൂടിയാണ്. ഗുഗ്ളുമായി ചേർന്നാണ് ജിയോ പുതിയ വില കുറഞ്ഞ ഫോണുകൾ ഇറക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള ഡേറ്റ പ്ലാനുകൾക്കൊപ്പമായിരിക്കും ഇവ വിപണിയിലെത്തിക്കുക എന്നു റിപോർട്ടുണ്ട്.
ഇന്ത്യൻ സ്മാർട്ഫോൺ നിർമാതാക്കളായ ലവ ഇന്റർനാഷണൽ, കാർബൺ മൊബൈൽസ്, ഡിക്സൺ ടെക്നോളജീസ് തുടങ്ങിയ കന്പനികൾക്കും ജിയോ ഫോൺ ഉൽപ്പാദനത്തിൽ പങ്കാളിത്തം ലഭിക്കും. ഫോൺ നിർമാണം റിലയൻസ് പുറംകരാർ നൽകുമെന്ന് നേരത്തെ ബിസിനസ് സ്റ്റാൻഡേർഡ് റിപോർട്ട് ചെയ്തിരുന്നു. രണ്ടു വർഷത്തിനുള്ളിൽ 15 കോടി മുതൽ 20 കോടി വരെ സ്മാർട്ഫോണുകൾ വിൽക്കാനുള്ള റിലയൻസ് പദ്ധതി ഇന്ത്യൻ ഫാക്ടറികൾക്ക് വലിയ അവസരമാകും. കഴിഞ്ഞ സാന്പത്തിക വർഷം ഇന്ത്യയിൽ 16.5 കോടി സ്മാർട്ഫോണുകളാണ് അസംബ്ൾ ചെയ്തത്. ഏതാണ് സമാന എണ്ണം ബേസിക് ഫീച്ചർ ഫോണുകളും ഉൽപ്പാദിപ്പിച്ചു.
ജിയോയുട എതിരാളിയായ ഭാരതി എയർടെലും സ്വന്തമായി 4ജി ഫോൺ ഇറക്കാനുള്ള ശ്രമിത്തിലാണെന്നും റിപോർട്ടുണ്ട്. പ്രാദേശിക കന്പനികളുമായി എയർടെൽ ചർച്ച നടത്തിവരികയാണെന്ന് സൂചനയുണ്ട്.