ന്യൂദല്‍ഹി- ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. 2020-21 പുതുക്കിയ അക്കാദമിക് കലണ്ടര്‍ സര്‍വകലാശാല ഗ്രാന്റ്‌സ് കമ്മീഷന്‍ അംഗീകരിച്ചതോടെയാണിത്.
യോഗ്യതാ പരീക്ഷയുടെ ഫലം താമസിച്ചാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ അത്തരം യൂനിവേഴ്‌സിറ്റികള്‍ക്ക് നവംബര്‍ 18 നകം ക്ലാസ്സ് തുടങ്ങാമെന്നും യു.ജി.സി പറഞ്ഞു. ക്ലാസ്സുകള്‍ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ രണ്ടും കൂടി സമന്വയിപ്പിച്ചോ നടത്താവുന്നതാണ്.
ഒക്‌ടോബര്‍ 31 നകം എല്ലാ യൂനിവേഴ്‌സിറ്റികളും പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് യു.ജി.സി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഴിവു വരുന്ന സീറ്റുകളില്‍ നവംബര്‍ 30നകം പ്രവേശനം പൂര്‍ത്തിയാക്കണം.
നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ വീണ്ടെടുക്കാന്‍ അടുത്ത രണ്ട് അക്കാദമിക് വര്‍ഷങ്ങളിലും ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ്സുകളുണ്ടായിരിക്കണമെന്നും യു.ജി.സി നിര്‍ദേശിച്ചിട്ടുണ്ട്.