മാഞ്ചസ്റ്റര്‍- ബര്‍മിംഗ്ഹാമില്‍ നിന്നും മെജോര്‍ക്കയിലേക്ക് പറന്ന വിമാനത്തില്‍ മദ്യത്തിനായി ബ്രിട്ടീഷുകാരന്റെ അതിക്രമം. റയാന്‍എയര്‍ ജെറ്റില്‍ സഹയാത്രികന്റെ ചെവിയുടെ ഭാഗം കടിച്ചെടുത്തു. 29കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി മെജോര്‍ക്കയിലെ പാല്‍മ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ വിമാനത്തിലാണ് സംഭവം. മദ്യം ആവശ്യപ്പെട്ടിട്ടു കിട്ടാത്തത് മൂലം മറ്റൊരു യാത്രക്കാരന്റെ മദ്യം കൈക്കലാക്കി അകത്താക്കിയ ശേഷമാണ് ലഹരിയില്‍ ഇയാള്‍ അക്രമം അഴിച്ചുവിട്ടതെന്ന് പോലീസ് പറയുന്നു. 'വിമാനത്തില്‍ സഹയാത്രികനെ മുറിവേല്‍പ്പിച്ച കേസില്‍ കുറ്റം ആരോപിക്കപ്പെടുന്ന 29കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യം ആവശ്യപ്പെട്ടത് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിമാന ജീവനക്കാര്‍ സഹായം തേടി', സിവില്‍ ഗാര്‍ഡ് വ്യക്തമാക്കി.മദ്യപിച്ച് ലക്കുകെട്ടിരുന്ന ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയും ഫ്രിഡ്ജ് തുറന്ന് മദ്യം കൈക്കലാക്കാന്‍ നോക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മറ്റൊരു യാത്രക്കാരന്‍ വാങ്ങിയ മദ്യം ഇയാള്‍ ബലമായി അകത്താക്കിയത്. ഓഫീസര്‍മാര്‍ വിവരം ശേഖരിക്കുന്നതിന് ഇടയിലാണ് വിമാനത്തില്‍ തമ്മിലടി നടന്നത്. ഈ സമയത്താണ് പ്രതി സഹയാത്രികന്റെ വലത് ചെവി കടിച്ചെടുത്തത്- പോലീസ് അറിയിച്ചു. അക്രമിയെ അറസ്റ്റ് ചെയ്യുകയും, പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു. പരിക്കേറ്റ ആളും ബ്രിട്ടീഷുകാരനാണ്.