കൊച്ചി- നടിയെ അക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപിന് സുരക്ഷയൊരുക്കാൻ സ്വകാര്യ സുരക്ഷ സ്ഥാപനം. ഗോവ ആസ്ഥാനമായുള്ള തണ്ടർ ഫോഴ്‌സ് എന്ന സുരക്ഷ ഏജൻസിയാണ് ദിലീപിന് സുരക്ഷയൊരുക്കുന്നത്. വിരമിച്ച മലയാളി പോലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷയുടെ ചുമതല. കഴിഞ്ഞദിവസം കൊച്ചിയിൽ ദിലീപിന്റെ വീട്ടിലെത്തിയ ഏജൻസി ദിലീപുമായി ചർച്ച നടത്തിയ ശേഷം തിരിച്ചുപോയിരുന്നു. ഈ ഏജൻസിയുടെ മൂന്ന് പേർ ദിലീപിനൊപ്പമുണ്ട്. ഇവർ ദിലീപിന് സുരക്ഷയൊരുക്കും.
അതേസമയം, ഏത് സഹചര്യത്തിലാണ് സ്വകാര്യ ഏജൻസിയുടെ സുരക്ഷാ സഹായം ദിലീപ് തേടിയത് എന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദിലീപിനെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആയുധങ്ങളുടെ സഹായത്തോടെയാണോ ദിലീപിന് സുരക്ഷ ഒരുക്കുന്നത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്‌സിന് കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ദൽഹി, മധ്യപ്രദേശ്, പോണ്ടിച്ചേരി, ദുബായ് എന്നിവിടങ്ങളിൽ പ്രാധാന്യമുണ്ട്. ഡോഗ് സ്്ക്വാഡ് അടക്കമുള്ള സംവിധാനങ്ങളുള്ള ഏജൻസിയാണിത്.