Sorry, you need to enable JavaScript to visit this website.

എം.പിമാര്‍ ധര്‍ണ തുടരുന്നു; രാജ്യസഭാ ഉപാധ്യക്ഷന്റെ ചായ നാടകം പൊളിച്ചു

ന്യൂദല്‍ഹി- രാജ്യസഭയില്‍നിന്ന് പുറത്താക്കിയ എട്ട് എം.പിമാര്‍ രണ്ടാം ദിവസവും ധര്‍ണ തുടരുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിംഗ് രാവിലെ  ചായ എത്തിച്ചെങ്കിലും  എം.പിമാര്‍ അദ്ദേഹം നല്‍കിയ ചായയും സ്‌നാക്ക്‌സും സ്വീകരിക്കാന്‍ തയാറായില്ല.

പാര്‍ലമെന്റ് വളപ്പില്‍ മാഹാത്മാ ഗാന്ധി പ്രതിമക്ക് സമീപമാണ് സസ്‌പെന്‍ഷനിലായ എം.പിമാര്‍ രാത്രി മുഴുവന്‍ ചെലവഴിച്ചത്. വാര്‍ത്താ ക്യാമറകള്‍ ഒഴിവാക്കി തങ്ങളോടൊപ്പം ഇരിക്കാന്‍ മുതിര്‍ന്ന എം.പി മാരിലൊരാള്‍ രാജ്യസഭാ ഉപാധ്യക്ഷനോട് പറഞ്ഞു. ചായ കൊണ്ടുവന്നത് നല്ല കാര്യമാണെങ്കിലും അദ്ദേഹം തെറ്റു തിരുത്താന്‍ തയാറായിട്ടില്ലെന്ന് മറ്റൊരു എം.പി പറഞ്ഞു.

ഞയാറാഴ്ച കര്‍ഷക ബില്ലുകള്‍ പാസാക്കുന്നതിനിടെ രാജ്യ സഭാ ഉപാധ്യക്ഷനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സമ്മേളനം തീരുന്നതുവരെ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഉപാധ്യക്ഷന്‍ ഹരിംവശിനെ പ്രതിപക്ഷ എ.പിമാര്‍ ഭീഷണിപ്പെടുത്തിയെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.

കേരളത്തില്‍നിന്നുള്ള കെ.കെ. രാഗേഷ്, എളമരം കരീം എന്നിവരുള്‍പ്പെടെ എട്ട് എം.പിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

 

Latest News