Sorry, you need to enable JavaScript to visit this website.

കര്‍ഷക സമരം തണുപ്പിക്കാന്‍ ശ്രമം; വിളകളുടെ മിനിമം താങ്ങുവില കൂട്ടി കേന്ദ്രം

ന്യൂദല്‍ഹി- കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്ത് പലയിടത്തും കര്‍ഷകര്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. റബി വിളകളുടെ മിനിമം താങ്ങുവില വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പതിവിനു വിപരീതമായി ഒരു മാസം മുമ്പു തന്നെ താങ്ങുവില വര്‍ധിപ്പിച്ചത് കര്‍ഷകരുടെ സമരം തണുപ്പിക്കാനാണെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ കാര്‍ഷിക ബില്ലുകള്‍ താങ്ങുവില സംവിധാനം ഇല്ലാതാക്കുമെന്നാണ് കര്‍ഷകരുടെ പ്രധാന പരാതികളിലൊന്ന്. എന്നാല്‍ ഇത് നിലവിലെ പോലെ തന്നെ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സര്‍ക്കാരും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. അതിനിടെയാണ് ഒരു മാസം മുമ്പു തന്നെ താങ്ങുവില വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത് മറ്റൊരു ചരിത്ര തീരുമാനമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. അതേസമയം ഇത് കര്‍ഷക സമരത്തെ പരിഹസിക്കലാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതികരിച്ചു. കാര്‍ഷിക ബില്ലുകള്‍ പടിപടിയായി മിനിമം താങ്ങുവില സംവിധാനം ഇല്ലാതാക്കാന്‍ വഴിയൊരുക്കുകയും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ഷക സമരം ഏറ്റവും രൂക്ഷമായ പഞ്ചാബിലേയും ഹരിയാനയിലേയും പ്രധാന വിളയായ ഗോതമ്പിനും വര്‍ധിപ്പിച്ച താങ്ങുവിലയുടെ പ്രയോജനം ലഭിക്കും. 50 രൂപ വര്‍ധിപ്പിച്ചതോടെ ഈ സീസണില്‍ ഒരു ക്വിന്റല്‍ ഗോതമ്പിന് 1975 രൂപ ലഭിക്കും. ഈ മേഖലയിലെ മറ്റൊരു പ്രധാന വിളയായ കടുകിന് 225 രൂപ വര്‍ധിച്ച് ക്വിന്റലിന് 4,650 രൂപ ലഭിക്കും. പയറുവര്‍ഗങ്ങള്‍ക്ക് 225 രൂപയും 300 രൂപയും വര്‍ധിച്ച് ക്വിന്റലിന് 5,100 രൂപയായി. ഇതും വലിയ വര്‍ധനയാണ്്. 

പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ ക്യാബിനെറ്റ് കമ്മിറ്റിയാണ് റബി വിളകളുടെ മിനിമം താങ്ങുവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 


 

Latest News