Sorry, you need to enable JavaScript to visit this website.

കർഷക ബിൽ കർഷകരുടെ മരണ വാറണ്ട് -  വെൽഫെയർ പാർട്ടി

തിരുവനന്തപുരം - അലയടിക്കുന്ന കർഷക പ്രക്ഷോഭം കണക്കിലെടുക്കാതെ കേന്ദ്ര സർക്കാർ ലോക്‌സഭയിലും രാജ്യസഭയിലും പാസ്സാക്കിയ കർഷക ബിൽ കർഷകരുടെ മരണ വാറണ്ടാണെന്നും ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കരുതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പ്രഖ്യാപിച്ച പാക്കേജാണ് പിന്നീട് ഓർഡിനൻസായും തുടർന്ന് ബില്ലായും കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ കാർഷിക മേഖല കുത്തകകളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.  


മിനിമം താങ്ങുവില ഇല്ലാതാകുന്നതോടെ കാർഷികോൽപന്നങ്ങൾ തുച്ഛവിലക്ക് കോർപ്പറേറ്റുകൾക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകും. ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കാതെ വരുമ്പോൾ കർഷകർ സ്വന്തം നിലക്കുള്ള കൃഷി ഉപേക്ഷിച്ച് കുത്തകകൾക്ക് കീഴിലെ കരാർ കൃഷിക്കാരാവുകയോ ഭൂമി അവർക്ക് പാട്ടത്തിന് കൊടുക്കുകയോ ചെയ്യേണ്ട നിസ്സഹായാവസ്ഥയിൽ എത്തും.
സംസ്ഥാന സർക്കാരുകളുടെ പോലും അനുമതിയില്ലാതെ കൃഷി, കാർഷിക സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ കോർപ്പറേറ്റുകളുടെ നിയന്ത്രണം സമ്പൂർണ്ണമാക്കുന്നതാണ് പുതിയ നിയമം. നിലവിൽ തന്നെ കടക്കണിയിൽ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കർഷകരെ സമ്പൂർണ്ണ മരണക്കുരുക്കിലേക്ക് തള്ളുകയാണ് മോഡി സർക്കാർ. നിയമത്തിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
 

Latest News