ജിദ്ദ- രാജ്യത്ത് ഹിന്ദുത്വ ഭരണം പൂർണമാക്കാനുള്ള തത്രപ്പാടിൽ സംഘ്പരിവാർ സകല കുതന്ത്രങ്ങളും പുറത്തെടുക്കുന്നതിന്റെ ഉദാഹരണമാണ് എറണാകുളത്ത് ബംഗാൾ സ്വദേശികളായ യുവാക്കളെ എൻ.ഐ.എ പിടികൂടിയ സംഭവമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. യു.എ.ഇ. കോൺസുലേറ്റ് വഴി നടത്തിയ സ്വർണക്കടത്തിന്റെ അന്വേഷണം ഒരു കേന്ദ്രമന്ത്രിയിലേക്കും സംഘ്പരിവാർ നേതാക്കളിലേക്കും എത്തുന്നതിനെ തടയിടാനും മറ്റു ചിലരെ ബലിയാടാക്കി രംഗം കലുഷിതമാക്കാനുമുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ് പെരുമ്പാവൂരിലെ അൽ ഖാഇദ നാടകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികളെ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിൽ നിന്നുള്ള ചെറുപ്പക്കാരെ പിടികൂടി കൊഴുപ്പേകുന്ന വാർത്തകൾ നിരത്തി നാട്ടിൽ അരാജകത്വ ഭീതി വിതക്കുന്നത് ആർ.എസ്.എസിന്റെ ഒളിയജണ്ടകൾ നടപ്പാക്കാനുള്ള തന്ത്രമാണെന്നും യോഗം വിലയിരുത്തി. ഏതാനും ദിവസങ്ങൾക്കു മുമ്പ് നാഗ്പൂരിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ ഒന്നരക്കോടി രൂപയുടെ കള്ളപ്പണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണമോ മാധ്യമ വിചാരണയോ ഇല്ലാതെ പോവുന്നത് ആരുടെ താൽപര്യത്തോടെയാണെന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ.
ബി.ജെ.പി നേരിട്ട് ഭരണത്തിലില്ലാത്ത കേരളത്തിലും ബംഗാളിലും മേൽക്കൈ നേടാനുള്ള കുടിലതന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തുന്ന ഇത്തരം മനുഷ്യത്വ രഹിതമായ പ്രവൃത്തികളെന്നും യോഗം വിലയിരുത്തി. നയതന്ത്ര ബാഗേജ് വഴി നിരന്തരം കള്ളക്കടത്ത് നടത്തിയ സംഘപരിവാര ബന്ധമുള്ള വമ്പൻ സ്രാവുകളെ രക്ഷിച്ചെടുക്കാനായി ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ചിലരെ കുരുതികൊടുത്ത് പൊതുജനത്തെ വിഡ്ഢികളാക്കുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയുമാണ് ഹിന്ദുത്വർ. എന്നാൽ ആർ.എസ്.എസിന്റെ ഒളിയജണ്ടകൾ തിരിച്ചറിയാതെ എച്ചിൽക്കഷ്ണത്തിനുവേണ്ടി കടിപിടികൂടുകയാണ് സംസ്ഥാന ഭരണകൂടവും പ്രതിപക്ഷവുമെന്ന് യോഗം അഭിപ്രയപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, അബ്ദുൽ ഗനി മലപ്പുറം, മുജാഹിദ് പാഷ, സയ്യിദ് കലന്തർ, അൽ അമാൻ നാഗർ കോവിൽ, നാസർ ഖാൻ, ഹംസ കരുളായി, ഹനീഫ കിഴിശ്ശേരി, ഫൈസൽ മമ്പാട്, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.