Sorry, you need to enable JavaScript to visit this website.

കിരണ്‍ ബേദിക്ക് ആളുമാറി; ഏതോ വയോധികയെ മോഡിയുടെ അമ്മയാക്കി

ന്യൂദല്‍ഹി-ദീപാവലി ആഘോഷത്തില്‍ പ്രായം മറന്നു നൃത്തം ചെയ്യുന്ന വയോധിക പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മയാണെന്ന് കരുതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി തിരുത്തി.
 
സമൂഹ മാധ്യമങ്ങള്‍ വേണമെങ്കില്‍ കരുത്ത് തെളിയിച്ച് പേരെടുത്ത ഐ.പി.എസ് ഓഫീസറേയും അബദ്ധത്തില്‍ ചാടിക്കുമെന്ന് തെളിയിക്കുന്നതായി സംഭവം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മയുടേതെന്നു പറഞ്ഞു മറ്റൊരു സ്ത്രീയുടെ വിഡിയോ ആണ് കിരണ്‍ ബേദി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഗുജറാത്തി ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ച വയോധിക മറ്റൊരാളാണെന്ന് അവര്‍ തിരുത്തി. ട്വിറ്ററിലാണ് വയോധിക നൃത്തച്ചുവട് വെക്കുന്ന വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നത്.  
ആളുമാറിപ്പോയെന്നും ഇത്രയേറെ ഓജസ്സുള്ള അമ്മയെ അഭിവാദ്യം ചെയ്യുന്നുവെന്നും കിരണ്‍ ബേദി എഴുതി. 96 വയസ്സുവരെ ജീവിക്കുമെങ്കില്‍ അവരെപ്പോലെയാകാനാണ് ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 '97ാം വയസ്സിലും ദീപാവലിയുടെ ചൈതന്യം. പ്രധാനമന്ത്രിയുടെ അമ്മ ഹിരാബെന്‍ മോദി (ജനനം 1920) സ്വവസതിയില്‍ ദീപാവലി ആഘോഷിക്കുന്നു' എന്ന തലവാചകത്തോടെയാണു നൃത്തം ചെയ്യുന്ന വയോധികയുടെ വിഡിയോ ആദ്യം കിരണ്‍ബേദി ഷെയര്‍ ചെയ്തിരുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മയുടെ താമസം.
 

Latest News