ന്യൂദല്‍ഹി- അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാന്‍ഡര്‍മാര്‍ ഇന്ന് ചര്‍ച്ച നടത്തും. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള മോല്‍ഡോയിലാണ് കൂടിക്കാഴ്ച നടക്കുക. കോര്‍പ്‌സ് കമാന്‍ഡര്‍ തല ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ജൂണ്‍ 15നു ഇരു സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം നിരവധി തവണ ഇരുരാജ്യങ്ങളുടേയും കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ച നടന്നിട്ടുണ്ട്. ഇന്നു നടക്കുന്നത് ആറാം വട്ട ചര്‍ച്ചയാണ്. കടന്നു കയറിയ പ്രദേശങ്ങളില്‍ നിന്ന് സേനാ പിന്മാറ്റത്തിനായി ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറുകള്‍ നടപ്പാക്കുന്നതു സംബന്ധിച്ചാണ് ഇന്നു പ്രധാനമായും ചര്‍ച്ച നടക്കുക. ഇത് ആദ്യമായി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും ഇന്ത്യന്‍ സംഘത്തിലുണ്ട്. സെപ്റ്റംബര്‍ 10ന് മോസ്‌കോയില്‍ ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ കരാറുണ്ടാക്കിയിരുന്നു.