കോഴിക്കോട്- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ധാരണയിലെത്താനുള്ള മുസ്ലിംലീഗ് നീക്കത്തെ പ്രതിരോധിച്ച് ഒരു വിഭാഗം കെ.എൻ.എമ്മും. ഇ.കെ.വിഭാഗം സുന്നി സംഘടന നേരത്തെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമായി വെൽഫെയർ പാർട്ടി 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി പൊതുവെ സഹകരിക്കുകയും മുസ്ലിംലീഗിനും യു.ഡി.എഫിനും ദോഷം ഉണ്ടാക്കുകയും ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയടക്കം പല സ്ഥാപനങ്ങളും യു.ഡി.എഫിന് നഷ്ടമാകാൻ ഈ സഖ്യം ഇട വരുത്തി. അതിന് മുമ്പു നടന്ന തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയോടാണ് ജമാഅത്തെ ഇസ്ലാമി ആഭിമുഖ്യം പുലർത്തിയത്. എന്നാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താതെ യു.ഡി.എഫിന് പിന്തുണ നൽകി.
ഈ സാഹചര്യത്തിൽ കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ധാരണ ഉണ്ടാക്കാൻ മുസ്ലിംലീഗ് തീരുമാനിച്ചത്. ഇത് പരസ്യമാക്കുകയും ചെയ്തതാണ്. നേരത്തെ ജമാഅത്തിനെയും എസ്.ഡി.പി.ഐ.യെയും മത രാഷ്ട്രവാദക്കാർ എന്ന് പറഞ്ഞു അകറ്റി നിർത്തുന്ന നീക്കം മുസ്ലിംലീഗ് തന്നെ നടത്തിയപ്പോൾ അതിനെ പിന്തുണച്ച സുന്നി മുജാഹിദ് മത സംഘടനകളാണ് ജമാഅത്ത് ബന്ധത്തെ ഇപ്പോൾ ചോദ്യം ചെയ്യുന്നത്.
മത സംഘടനകളുടെ എതിർപ്പിനെ അവഗണിക്കാൻ മുസ്ലിംലീഗ് നേതൃത്വത്തിനാവില്ല. പല വിഷയങ്ങളിലും ലീഗിനൊപ്പം നിലയുറപ്പിച്ചവരാണ് ഈ സംഘടനകൾ. ഇവരുടെ സമ്മർദം ലീഗിന് കടുത്ത പ്രയാസം സൃഷ്ടിക്കും. സമുദായത്തിനകത്തെ വിഭാഗീയ സംഘടനകൾ ലീഗിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. നേരത്തെ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സുന്നി വിഭാഗവുമായി അടുക്കാൻ ലീഗിൽ നീക്കം ഉണ്ടായപ്പോൾ അതിനെ ചെറുക്കാൻ ഇ.കെ.വിഭാഗം പരസ്യമായി രംഗത്തെത്തി.
മത രാഷ്ട്ര വാദത്തിന്റെ ബലിക്കല്ലിലേക്ക് മുസ്ലിം രാഷ്ട്രീയ സംഘശക്തിയെ ബലി കൊടുക്കാതിരിക്കാൻ രാഷ്ട്രീയ നേതൃത്വം ശ്രദ്ധ ചെലുത്തണമെന്ന് കെ.എൻ.എം. (മർകസുദ്ദഅവ)യോഗം അഭ്യത്ഥിച്ചു. താൽകാലിക രാഷ്ട്രീയ താൽപര്യങ്ങൾ മുന്നിൽ വെച്ച് മത രാഷ്ട്രവാദ സംഘടനകളുമായി നീക്കു പോക്കുണ്ടാക്കുന്നത് വിശ്വാസ്യത കളങ്കപ്പെടുത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരെഞ്ഞടുപ്പിൽ മത രാഷ്ട്ര വാദ സംഘടനകളുമായി നീക്കുപോക്കുണ്ടാക്കുന്നവരെ രാഷ്ട്രീയമായി തന്നെ നേരിടാൻ മുഖ്യധാരാ മുസ്്ലിം സംഘടനകളുമായി ഐക്യപ്പെട്ട് പ്രവർത്തന സജ്ജമാവുമെന്നും യോഗം മുന്നറിയിപ്പ് നൽകി.