ഇറാനെതിരെ 13 വര്‍ഷമായി നിലവിലുള്ള യു.എന്‍ ആയുധ ഉപരോധം നീട്ടുന്നതില്‍ രക്ഷാ സമിതി പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുധ നിരോധനം ഉള്‍പ്പെടെ മുമ്പ് അവസാനിപ്പിച്ച യു.എന്‍ ഉപരോധങ്ങളെല്ലാം പ്രാബല്യത്തില്‍ വന്നതായും ലോകം കൂടുതല്‍ സുരക്ഷിതമാകുമെന്നും പോംപിയോ പറഞ്ഞു.
വാഷിംഗ്ടണ്‍- ഇറാനെതിരായ യുഎന്‍ ഉപരോധങ്ങളെല്ലാം പുനഃസ്ഥാപിച്ചതായി യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനം ചേരാനിരിക്കെയാാണ്, ഭൂരിഭാഗം രാജ്യങ്ങളും നിരസിക്കുകയും നിയമവിരുദ്ധമെന്ന് വിമര്‍ശിക്കുകയും ചെയ്ത ട്രംപ് ഭരണകൂടത്തിന്റെ നടപടി.
രക്ഷാ സമിതി അംഗീകരിച്ച 2015 ലെ ഇറാന്‍ ആണവ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകളൊന്നും ഇറാന്‍ പാലിക്കുന്നില്ലെന്ന് ഒരു മാസം മുമ്പ് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രക്ഷാസമിതിയെ അറിയിച്ചിരുന്നു. കൃത്യം 30 ദിവസത്തിനുശേഷമാണ് ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട് യു.എന്‍ പാസാക്കിയ പ്രമേയ പ്രകാരം പിന്‍വലിച്ച ഉപരോധങ്ങളെല്ലാം പുനഃസ്ഥാപിച്ചതായി അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.
ജോയിന്റ് കോപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആകഷന്‍- ജെ.സി.പി.ഒ.എ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഇറാന്‍ പൂര്‍ണമായും പരാജയപ്പെട്ടതിനാലാണ് അമേരിക്ക നിര്‍ണായക നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് പോംപിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനെതിരെ 13 വര്‍ഷമായി നിലവിലുള്ള യു.എന്‍ ആയുധ ഉപരോധം നീട്ടുന്നതില്‍ രക്ഷാ സമിതി പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുധ നിരോധനം ഉള്‍പ്പെടെ മുമ്പ് അവസാനിപ്പിച്ച യു.എന്‍ ഉപരോധങ്ങളെല്ലാം പ്രാബല്യത്തില്‍ വന്നതായും ലോകം കൂടുതല്‍ സുരക്ഷിതമാകുമെന്നും പോംപിയോ പറഞ്ഞു.
ഇറാനെതിരെ പുനഃസ്ഥാപിച്ച ഉപരോധങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് വൈറ്റ് ഹൗസ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് കരുതുന്നു. നിയമലംഘനങ്ങള്‍ക്ക് വിദേശ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും എങ്ങനെ പിഴ ഈടാക്കുമെന്ന് സ്‌റ്റേറ്റ്, ട്രഷറി വകുപ്പുകള്‍ വിശദീകരിക്കും.
ഉപരോധം നടപ്പാക്കാനുള്ള ബാധ്യതകള്‍ അംഗരാജ്യങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതായി പോംപിയോ പറഞ്ഞു. ബാധ്യത നിറവേറ്റുന്നതില്‍ അംഗരാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍, അത്തരം രാജ്യങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും യു.എന്‍ നിരോധം ഏര്‍പ്പെടുത്തിയ പ്രവര്‍ത്തനത്തിന്റെ ഫലം ഇറാന് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും അമേരിക്ക നടപടികള്‍ കൈക്കൊള്ളും.
അതേസമയം, യു.എസ് നീക്കത്തെ രക്ഷാ സമിതിയിലെ മറ്റ് അംഗങ്ങള്‍ ശക്തമായി എതിര്‍ക്കുകയാണ്. 2018 ല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണവ കരാറില്‍ നിന്ന് പിന്മാറുകയും ഇറാനെതിരായ അമേരിക്കന്‍ ഉപരോധം വീണ്ടും നടപ്പാക്കുകയും ചെയ്തതില്‍ ഉപരോധങ്ങള്‍ക്കായി സ്‌നാപ്പ്ബാക്ക് പ്രക്രിയ പ്രയോഗിക്കാനുള്ള അര്‍ഹത അമേരിക്കക്ക് നഷ്ടപ്പെട്ടതായാണ് വിവിധ രാജ്യങ്ങളുടെ വിമര്‍ശം. എന്നാല്‍ ഇടപാടിലെ യഥാര്‍ഥ പങ്കാളിയും കൗണ്‍സില്‍ അംഗവും എന്ന നിലയില്‍ ഇത് ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് അമേരിക്ക വാദിക്കുന്നത്.
അമേരിക്ക നടത്തുന്ന പ്രഖ്യാപനത്തിന് നിയമസാധതയുണ്ടാകില്ലെന്ന് യു.എസ് പ്രഖ്യാപനത്തിന് മുമ്പുതന്നെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇറാന്‍ ആണവകരാറിനെ തുടര്‍ന്ന് ലഘൂകരിച്ചതോ എടുത്തുകളഞ്ഞതോ ആയ അന്താരാഷ്ട്ര ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും യു.എന്‍ അംഗരാജ്യങ്ങള്‍ അതു നടപ്പാക്കുകയും ചെയ്യുമെന്നതാണ് സ്‌നാപ്പ് ബാക്ക്.
യുറേനിയം സമ്പുഷ്ടമാക്കുന്നതിന് ഇറാന്‍ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകിച്ചാലോ ബാലിസ്റ്റിക് മിസൈല്‍ പ്രവര്‍ത്തനം ആരംഭിച്ചാലോ പരമ്പരാഗത ആയുധങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താലോ ശിക്ഷാ നടപടിയായി ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നാണ് വ്യവസ്ഥ വെച്ചിരുന്നത്.
ആണവ പദ്ധതിയിലെ നിയന്ത്രണങ്ങള്‍ അംഗീകരിച്ചതിനു പകരമായി ഇറാന് കോടിക്കണക്കിന് ഡോളറിന്റെ ആശ്വസ നടപടികള്‍ ലഭിച്ചിരുന്നു.
അമേരിക്കയുടെ പുതിയ നീക്കം നിരസിക്കുന്നതില്‍ ചൈനയും റഷ്യയും ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും യു.എസ് സഖ്യകക്ഷികള്‍ വ്യക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, ഉപരോധം പുനസ്ഥാപിക്കുന്നതിന് നിയമസാധുതയില്ലാത്തതിനാല്‍ നടപ്പാക്കാനാവില്ലെന്ന് ഇറാന്‍ ആണവ കരാറിനോട് ഇപ്പോഴും പ്രതിബദ്ധത പുലര്‍ത്തുന്ന
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ യു.എന്‍ രക്ഷാ സമിതി പ്രസിഡന്റിനയച്ച കത്തില്‍ പറഞ്ഞിരുന്നു.