പൂനെ- ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും പ്രമുഖ മരുന്ന് കമ്പനിയായ ആസ്ട്രസെനെകയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് കോവിഡ് പ്രതിരോധ മരുന്നിന്റെ അന്തിമ ഘട്ട പരീക്ഷണം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. രണ്ടാഴ്ച മുമ്പ് നിര്‍ത്തിവെച്ച പരീക്ഷണം തുടരാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ഇന്‍സ്റ്റിറ്റ്യൂട്ടിനു ലഭിച്ചു. തിങ്കളാഴ്ച മുതല്‍ സസൂണ്‍ ജനറല്‍ ഹോസ്പിറ്റലിലാണ് പരീക്ഷണം തുടങ്ങുക. പരീക്ഷണത്തിന് വിധേയരാകാന്‍ സന്നദ്ധത അറിയിച്ച് വളണ്ടിയര്‍മാര്‍ മുന്നോട്ടു വന്നിട്ടുണ്ട്. 150-200 വളണ്ടിയര്‍മാരില്‍ വാക്‌സിന്‍ ഡോസ് കുത്തിവെക്കുമെന്ന് ആശുപത്രി ഡീന്‍ ഡോ. മുരളീധര്‍ തംബെ പറഞ്ഞു.