അഴിമതിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രണ്ടു വര്‍ഷം വരെ തടവ്
ജയ്പൂര്‍- മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കോടതികള്‍ സ്വകാര്യ അന്യായങ്ങള്‍ സ്വീകരിക്കുന്നത് തടയാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നീക്കം. ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ പേരുകള്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റമാക്കാനും വസുന്ധര രാജെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ്.
ഇതുസംബന്ധിച്ച് ശിക്ഷാ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി കഴിഞ്ഞ മാസം ഏഴിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന നിയമസഭയുടെ അംഗീകാരത്തിനായി ഈ ഓര്‍ഡിനന്‍സ് തിങ്കളാഴ്ച പരിഗണനക്കു വരുമെന്നാണ് റിപ്പോര്‍ട്ട്. 200 അംഗ നിയസഭയില്‍ ബി.ജെ.പിക്ക് 162 അംഗങ്ങളുള്ളതിനാല്‍ ഓര്‍ഡിനന്‍സ് പാസാകുന്നതിന് തടസ്സമില്ല.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു പൊതുപ്രവര്‍ത്തകനെതിരായ പരാതി അന്വേഷിക്കേണ്ടതുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിനു തീരുമാനിക്കാന്‍ ആറു മാസത്തെ സമയം ലഭിക്കും.
അഴിമതി നിരോധ നിയമത്തില്‍ ചില വിശാലമായ ഭേദഗതികള്‍ വരുത്താനുള്ള നിര്‍ദേശത്തില്‍ വര്‍ഷങ്ങളായി രാജ്യസഭയുടെ അനുമതി ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് പൊതുസേവകരെ രക്ഷിക്കാനെന്ന പേരില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ നീക്കം. സത്യസന്ധരായ പൊതുസേവകരെ അനാവശ്യ കേസുകളില്‍നിന്ന് രക്ഷിക്കുകയെന്ന ഉദ്ദേശ്യത്തെ കഴിഞ്ഞ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളാണ് രാജ്യസഭയുടെ അംഗീകാരം നേടാനാകാതെ പാതിവഴിയിലായത്.
ഇതില്‍നിന്നും ഏറെ മുന്നോട്ടു പോയാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം. ആരോപണങ്ങള്‍ നേരിടുന്ന ജഡ്ജിയുടെയോ പൊതുപ്രവര്‍ത്തകരുടെയോ പേരുകള്‍ സര്‍ക്കാര്‍ അനുവദിച്ചാലല്ലാതെ പരസ്യപ്പെടുത്താനാകില്ല. ഈ ചട്ടം ലംഘിച്ച് അഴിമതിക്കാരായ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും പേരുകള്‍ വെളിപ്പെടുത്തിയാല്‍ രണ്ട് വര്‍ഷം വരെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശിക്ഷ ലഭിക്കും.