റിയാദ് - അഞ്ചു മാസത്തിനിടെ വിദേശികൾ പരിശോധനക്ക് സമർപ്പിച്ച എൻജിനീയറിംഗ് സർട്ടിഫിക്കറ്റുകളിൽ 280 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ ജമീൽ അൽബഖ്ആവി അറിയിച്ചു. അഞ്ചു മാസത്തിനിടെ വിദേശികളുടെ 18,000 എൻജിനീയറിംഗ് സർട്ടിഫിക്കറ്റുകളാണ് കൗൺസിൽ പരിശോധിച്ചത്. തുച്ഛമായ നിരക്കിൽ സൗദി, വിദേശി എൻജിനീയർമാർക്ക് കൗൺസിൽ പരിശീലനങ്ങൾ നൽകുന്നുണ്ട്. ഒരു പരിശീലന കോഴ്സിന് 200 റിയാലിൽ കൂടാത്ത നിരക്കാണ് കൗൺസിൽ ഈടാക്കുന്നത്. ആറു മാസത്തിനിടെ 20,000 ലേറെ എൻജിനീയർമാർക്ക് ഇങ്ങനെ പരിശീലനം നൽകി. സൗജന്യമായി ഇംഗ്ലീഷ് പഠിക്കുന്നതിന് 200 സൗദി എൻജിനീയർമാരെ കൗൺസിൽ ബ്രിട്ടനിലേക്ക് അയച്ചിട്ടുണ്ട്. സൗദിക്കകത്ത് എൻജിനീയർമാർക്ക് നൽകുന്ന ഇംഗ്ലീഷ് പരിശീലന കോഴ്സുകൾ 250 വനിതാ എൻജിനീയർമാർ അടക്കം 2,500 പേർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
എൻജിനീയറിംഗ് മേഖലയിലെ ശേഷികൾ പരിപോഷിപ്പിക്കുന്നതിന് സൗദി വനിതാ എൻജിനീയർമാരെ ലക്ഷ്യമിട്ട് കൗൺസിൽ 250 പരിശീലന കോഴ്സുകൾ നടത്തിയിട്ടുണ്ട്. ബൂപ കമ്പനിയുമായി സഹകരിച്ച് സൗദി എൻജിനീയർമാർക്ക് കൗൺസിൽ ഹെൽത്ത് ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്. മതിയായ പരിചയസമ്പത്തില്ലാത്ത വിദേശ എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ പല വകുപ്പുകളും ഇത് പാലിക്കുന്നില്ല.
സൗദി യൂനിവേഴ്സിറ്റികളിൽനിന്ന് എൻജിനീയറിംഗ് ബിരുദം നേടി പുറത്തിറങ്ങുന്നവർക്ക് പ്രായോഗിക പരിചയസമ്പത്ത് ആർജിക്കുന്നതിന് അവസരമൊരുക്കുന്നതിന് ലക്ഷ്യമിട്ട് പുതിയ സർക്കാർ പദ്ധതികളിൽ പത്തു ശതമാനത്തിൽ കുറയാത്തത്ര സൗദി എൻജിനീയർമാരെ നിയമിക്കണമെന്ന വ്യവസ്ഥ ബാധകമാക്കണമെന്ന ശുപാർശ വിവിധ സർക്കാർ വകുപ്പുകൾക്ക് കൗൺസിൽ സമർപ്പിച്ചിട്ടുണ്ട്. ഇതേ കുറിച്ച് മന്ത്രിസഭക്കു കീഴിലെ എക്സ്പേർട്ട് കമ്മീഷൻ പഠിച്ചുവരികയാണ്.
സൗദി എൻജിനീയർമാരെ നാലു വിഭാഗമായാണ് തരംതിരിക്കുന്നത്. അഞ്ചു വർഷത്തിൽ കുറവ് പരിചയസമ്പത്തുള്ള ആദ്യ വിഭാഗത്തിലാണ് 30 ശതമാനത്തോളം സൗദി എൻജിനീയർമാരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ചു മുതൽ ഒമ്പതു വർഷം വരെ പരിചയസമ്പത്തുള്ള അസോഷ്യേറ്റ് എൻജിനീയർ വിഭാഗത്തിൽ 25 ശതമാനം പേരെ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഒമ്പതു മുതൽ 19 വർഷം പരിചയസമ്പത്തുള്ള പ്രൊഫഷനൽ എൻജിനീയർ വിഭാഗത്തിൽ 25 ശതമാനം പേരെയും പത്തൊമ്പതു വർഷത്തിൽ കൂടുതൽ പരിചയസമ്പത്തുള്ള കൺസൾട്ടന്റ് വിഭാഗത്തിൽ ഇരുപതു ശതമാനത്തോളം പേരെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കൗൺസിൽ നടത്തിയ പരിശോധനകൾക്കിടെ നിയമം ലംഘിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തിയ ഡസൻ കണക്കിന് എൻജിനീയറിംഗ് ഓഫീസുകൾ അടപ്പിച്ചിട്ടുണ്ട്. ബിരുദം നേടിയ സ്പെഷ്യലൈസേഷന് വിരുദ്ധമായ എൻജിനീയറിംഗ് ഫീൽഡിൽ ജോലി ചെയ്തതിന് 480 ലേറെ എൻജിനീയർമാരുടെ പേരിൽ നിയമ ലംഘനം രജിസ്റ്റർ ചെയ്യുകയും പദവി ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് വാണിംഗ് നോട്ടീസ് കൈമാറുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.