ശ്രീനഗര്‍- കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ അംഷിപോറയില്‍ ജൂലൈ 17ന് രാത്രി സൈന്യം 'ഭീകരരെന്ന്' ആരോപിച്ച് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ മൂന്നു യുവാക്കള്‍ കാണാതായ തൊഴിലാളികളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഭീകരര്‍ എന്ന പേരില്‍ ഈ യുവാക്കളുടെ ചിത്രം പ്രചരിച്ചതോടെയാണ് ഇവര്‍ കാണാതായ തൊഴിലാളികളാണെന്ന് വ്യക്തമാക്കി കുടുംബം രംഗത്തു വന്നത്. രാഷ്ട്രീയ പാര്‍ട്ടികളും പൗരാവകാശ സംഘടനകളും ഇരകളുടെ കുടുംബവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സൈന്യം അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ നിരപരാധികളായ തൊഴിലാളി യുവാക്കളെ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട സൈനികള്‍ കശ്മീരില്‍ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന കിരാത നിയമമായ അഫ്‌സപയുടെ പരിധി ലംഘിച്ചെന്ന് ആര്‍മി വ്യക്തമാക്കി. കുറ്റക്കാരായ സൈനികര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സൈന്യം അറിയിച്ചു.
ബന്ധുക്കളായ മൂന്നു യുവാക്കളും തൊഴില്‍ തേടി ഷോപിയാനില്‍ പോയവര്‍ മാത്രമാണെന്നും വിഘടനവാദ പ്രവര്‍ത്തനങ്ങളുമായി ഒരു ബന്ധവുമില്ലെന്നും ചൂണ്ടിക്കാട്ടി കുടുംബം പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കുറ്റക്കാരായ സൈനികര്‍ക്കെതിരെ നപടികള്‍ ആരംഭിച്ചതായി ഇന്ന് സേന അറിയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെ ഡിഎന്‍എ സാംപിള്‍ എടുത്തിരുന്നു. ഈ ഫലവും പുറത്തു വിട്ടിട്ടില്ല. ജോലി തേടി ഷോപിയാനിലെത്തിയ രജൗരി സ്വദേശികളായ 16കാരന്‍ മുഹമ്മദ് ഇബ്‌റാര്‍, ഇംതിയാസ്് അഹമദ്, അബ്‌റാര്‍ അഹമദ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നു പേരും അടുത്ത ബന്ധുക്കളായിരുന്നു.
മൂന്ന് അജ്ഞാതരായ 'ഭീകരരെ' ഏറ്റുമുട്ടലില്‍ വധിച്ചുവെന്നായിരുന്നു ജൂലൈ 18ന് സേനാ വക്താവ് കേണല്‍ രാജേഷ് കാലിയ പ്രസ്താവന ഇറക്കിയിരുന്നത്.