Sorry, you need to enable JavaScript to visit this website.

റിയാദ് മെട്രോയിൽ പരീക്ഷണ സർവീസുകൾക്ക് സമാരംഭം

റിയാദ് മെട്രോ ട്രെയിൻ പരീക്ഷണ സർവീസ് നടത്തുന്നു. 

റിയാദ് - തലസ്ഥാന നഗരിയിൽ പൊതുഗതാഗത മേഖലയിൽ വമ്പിച്ച മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന മെട്രോ പദ്ധതിയിൽ പരീക്ഷണ സർവീസുകൾക്ക് തുടക്കമായി. മെട്രോ സ്റ്റേഷനകളുടെയും പാതകളുടെയും ട്രെയിനുകളുടെയും മറ്റു അനുബന്ധ സൗകര്യങ്ങളുടെയും സുരക്ഷയും ഗുണമേന്മയും ഉറപ്പു വരുത്തുകയാണ് പരീക്ഷണ സർവീസുകളിലൂടെ ചെയ്യുന്നത്. പദ്ധതിയിൽ സർവീസുകൾക്ക് ഉപയോഗിക്കുന്നതിന് ഇറക്കുമതി ചെയ്ത മുഴുവൻ ട്രെയിനുകളും പരീക്ഷിച്ചു നോക്കുന്നുണ്ട്. 


സർവീസിനിടെ നേരിടാൻ സാധ്യതയുള്ള മുഴുവൻ വെല്ലുവിളികളും പ്രശ്‌നങ്ങളും സാങ്കേതിക തകരാറുകളും കണ്ടെത്തി ആവശ്യമായ തയാറെടുപ്പുകൾ നടത്താനും പരിഹാരങ്ങൾക്ക് രൂപം നൽകാനും പരീക്ഷണ സർവീസുകൾ പ്രയോജനപ്പെടുത്തും. ഡ്രൈവർമാരെ ആവശ്യമില്ലാതെ, അത്യാധുനിക ഓപറേഷൻസ് സെന്റർ വഴിയാണ് റിയാദ് മെട്രോയിൽ ട്രെയിനുകൾ നിയന്ത്രിക്കുക. ഫാമിലികൾക്കും വികലാംഗർക്കും ട്രെയിനുകളിൽ പ്രത്യേക സ്ഥലങ്ങൾ നീക്കിവെച്ചിട്ടുണ്ട്. 
റിയാദ് മെട്രോ ജീവനക്കാരിൽ 22 ശതമാനത്തോളം പേർ സ്വദേശികളാണ്. പ്രതിവർഷം പത്തു ശതമാനം തോതിൽ സൗദിവൽക്കരണം ഉയർത്താൻ പദ്ധതി പ്രവർത്തിപ്പിക്കുന്നതിന്റെ കരാറേറ്റെടുത്ത കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്. പടിപടിയായി മെട്രോ പദ്ധതിയിൽ സൗദിവൽക്കരണം 50 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. 


സൗദിയിലെ ഒരു നഗരത്തിൽ ആദ്യമായി പ്രവർത്തിപ്പിക്കുന്ന മെട്രോയാണ് റിയാദിലേത്. മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് ഹറമൈൻ ഹൈസ്പീഡ് റെയിൽവേ പദ്ധതി സമീപ കാലത്ത് പൂർത്തിയാക്കിയിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ പാതയിൽ നിലവിൽ താൽക്കാലികമായി സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. റിയാദ്, ദമാം റൂട്ടിലും റിയാദ്, ഉത്തര സൗദി റൂട്ടിലും നിലവിൽ ട്രെയിൻ സർവീസുകളുണ്ട്. ഹജ് തീർഥാടകരെ ലക്ഷ്യമിട്ട് പുണ്യസ്ഥലങ്ങളിൽ മശാഇർ മെട്രോയും നടപ്പാക്കിയിട്ടുണ്ട്. ജിദ്ദ, മക്ക, മദീന അടക്കമുള്ള നഗരങ്ങളിലും മെട്രോ പദ്ധതികൾ നടപ്പാക്കാൻ നീക്കങ്ങളുണ്ട്. 


റിയാദ് മെട്രോ പദ്ധതിയിലെ ഒന്നാം നമ്പർ പാതയും രണ്ടാം നമ്പർ പാതയും പ്രവർത്തിപ്പിക്കുന്നതിന്റെ കരാർ സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയാണ് (സാപ്റ്റ്‌കോ) നേടിയിരിക്കുന്നത്. പന്ത്രണ്ടു വർഷത്തേക്ക് ഇരു പാതകളും പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള കരാർ 853 കോടി റിയാലിനാണ് സാപ്റ്റ്‌കോ നേടിയത്. റിയാദ് മെട്രോ സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിക്കുന്ന ജോലികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. 954 എസ്‌കലേറ്ററുകളും 600 ലേറെ ലിഫ്റ്റുകളുമാണ് റിയാദ് മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നത്. റിയാദ് മെട്രോ പാതകൾക്ക് ആകെ 376 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. 


കാനഡയിലെ ബൊംബാർഡിയർ, ജർമനിയിലെ സീമെൻസ്, ഫ്രാൻസിലെ അൽസ്റ്റം എന്നീ കമ്പനികളാണ് റിയാദ് മെട്രോ പദ്ധതിയിൽ സർവീസിന് ഉപയോഗിക്കുന്ന ട്രെയിനുകൾ നിർമിച്ചു നൽകുന്നത്. ആഗോള നിലവാരത്തിലുള്ള നഗരമായി റിയാദിനെ പരിവർത്തിപ്പിക്കാൻ റിയാദ് ഗവർണറായിരിക്കേ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് കാണിച്ച ദീർഘവീക്ഷണത്തിന്റെ ഫലമാണ് റിയാദ് മെട്രോ പദ്ധതി. അന്താരാഷ്ട്ര തലത്തിലെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി പദ്ധതി നടപ്പാക്കുന്നതിന് സാധ്യമായ എല്ലാ ശേഷിയും പ്രയോജനപ്പെടുത്താൻ രാജാവ് നിർദേശം നൽകിയിട്ടുണ്ട്. 


മെട്രോ നടപ്പാക്കുന്നതിനുള്ള കരാറുകൾ 8400 കോടി റിയാലിന് മൂന്നു അന്താരാഷ്ട്ര കൺസോർഷ്യങ്ങൾക്ക് നേരത്തെ അനുവദിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവ് ഉൾപ്പെടുത്താതെയാണിത്. മെട്രോ പാതകളിൽ 74 കിലോമീറ്ററിലേറെ ദൂരം ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. 80 കിലോമീറ്ററിലേറെ ദൂരത്തിലുള്ള പാതകൾ തൂണുകൾക്ക് മുകളിലൂടെ കടന്നുപോകുന്നു. കിംഗ് അബ്ദുല്ല റോഡിലും കിംഗ് അബ്ദുൽ അസീസ് റോഡിലും പത്ത് കിലോമീറ്റർ ദൂരത്തിലുള്ള പാതകൾ ഭൂപ്രതലത്തിലാണ്. ആകെ ആറു പാതകളോടെയും നാലു പ്രധാന സ്റ്റേഷനുകളോടെയും 85 സബ്‌സ്റ്റേഷനുകളോടെയുമാണ് റിയാദ് മെട്രോ രൂപകൽപന ചെയ്തു നടപ്പാക്കുന്നത്. 

Latest News