ഭോപാല്‍- അധികൃതരുടെ കുറ്റകരമായ അനാസ്ഥ കാരണം ഭോപാല്‍ വാതക ദുരന്ത ബാധിതര്‍ കോവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍. 1984ലെ യുണിയന്‍ കാര്‍ബൈഡ് വാതക ദുരന്ത ബാധിതര്‍ക്കു വേണ്ടി സ്ഥാപിതമായ ഭോപാല്‍ മെമോറിയല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച് സെന്ററിലെ (ബിഎംഎച്ആര്‍സി) ഐസലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ ആറു വാതക ദുരന്ത ബാധിതരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആശുപത്രി അധികൃതരുടെ വീഴ്ചയും ഉപേക്ഷയുമാണ് മരണ സംഖ്യ കൂടാന്‍ കാരണമെന്നും ദുരന്ത ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സുപ്രീം കോടതി നിയോഗിച്ച നീരക്ഷണ സമിതിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ഈ വാര്‍ഡില്‍ ഒരു മുഴുസമയ ഡോക്ടര്‍ പോലും കോവിഡ് ചികിത്സയ്ക്കായി ഡ്യൂട്ടിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ വിവരങ്ങള്‍ പണിപ്പെട്ട് ശേഖരിച്ച് പരിശോധിച്ചപ്പോള്‍ ഭോപാലില്‍ വൈറസ് ബാധയേറ്റ് മരിച്ചവരില്‍ 60 ശതമാനം പേരും വാതക ദുരന്ത ഇരകളാണെന്ന് വ്യക്തമായതായി ഇവര്‍ക്കു വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഭോപാല്‍ ഗ്യാസ് പീഡിത് മഹിളാ പുരുഷ് സംഘര്‍ഷ് മോര്‍ച നേതാവ് നവാബ് ഖാന്‍ പറഞ്ഞു. ഭോപാലിലെ മൊത്തം ജനസംഖ്യയുടെ 25 ശതമാനമാണ് മാത്രമാണ് വാതക ദുരന്ത ഇരകള്‍. എന്നാല്‍ കോവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ ഈ ദുരന്ത ഇരകള്‍ക്കിടയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഎംഎച്ആര്‍സിയില്‍ വാതക ദുരന്ത ഇരകളേയും കോവിഡ് ബാധിതരേയും മരിക്കാന്‍ വിട്ടിരിക്കുകയാണെന്നും സംഘടന ആരോപിച്ചു. ഐസിയു സംവിധാനം ആവശ്യമുള്ളരേയും പള്‍മനറി, ന്യൂറോളജി, ഗാസ്‌ട്രോ, ന്യൂറോ സര്‍ജറികള്‍ ആവശ്യമുള്ളവരേയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നില്ല. കോവിഡിനു മുമ്പുള്ള സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആശുപത്രിയിലെ എല്ലാ ഡിപാര്‍ട്‌മെന്റുകളിലും വാതക ദുരന്ത ഇരകളുടെ പ്രവേശനം ഗണ്യമായി കുറച്ചതായി വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഔദ്യോഗിക രേഖകളില്‍ നിന്ന് വ്യക്തമാണെന്നും ഇരകളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.
വാതക ദുരന്ത ഇരകള്‍ക്കു വേണ്ടി സ്ഥാപിച്ചതാണ് ബിഎംഎച്ആര്‍സി. കേന്ദ്ര സര്‍ക്കാരിനു കീഴീലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് ആണ് ഈ ആശുപത്രി നടത്തിപ്പുകാര്‍. എന്നാല്‍ കോവിഡിന്റെ പേരില്‍ മാരക രോഗികളായ വാതക ദുരന്ത ഇരകളെ ആശുപത്രി അവഗണിക്കുകയാണെന്ന് ഭോപാല്‍ ഗ്യാസ് പീഡിത് മഹിളാ കര്‍മചാരി സംഘ് ആരോപിച്ചു.
വാതക ദുരന്ത ഇരകളുടെ പരിതാപകരാവസ്ഥ പരിഗണിച്ച് ഈ പ്രതിസന്ധിയുണ്ടാകുന്നതിനു മുമ്പു തന്നെ ബിഎംഎച്ആര്‍സി തയാറെടപ്പുകള്‍ നടത്തേണ്ടിയിരുന്നു. കോവിഡ് ബാധിച്ച വാതക ദുരന്ത ഇരകള്‍ക്കു വേണ്ടി 40 ബെഡുള്ള ഐസിയു-എച്ഡിയു ആരംഭിക്കാന്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സമിതി ആശുപത്രിയോട് നിര്‍ദേശിക്കുമെന്നാണ് പ്രതീക്ഷ- ഭോപാല്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ഫൊമേഷന്‍ ആന്റ് ആക്ഷന്‍ പ്രവര്‍ത്തക രചന ധിന്‍ഗ്ര പറഞ്ഞു.