ശ്രീനഗര്‍- ജമ്മു കശ്മീരില്‍ സ്ത്രീകളുടെ മുടി മുറിക്കുന്നയാളെന്ന് ആരോപിച്ച് ബുദ്ധി സ്ഥിരതയില്ലാത്ത യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു. സോപൂര്‍ പ്രദേശത്താണ് സംഭവം. ഇയാളെ ജീവനോടെ കത്തിക്കാന്‍ ശ്രമം നടന്നതായും പോലീസ് പറയുന്നു. മര്‍ദനമേറ്റയാള്‍ വസിം അഹ്്മദ് ആണെന്ന് തിരിച്ചറിഞ്ഞുട്ടുണ്ട്. ഇയാളെ നഗ്നനാക്കുന്നതും ക്രൂരമായി മര്‍ദിക്കുന്നതും ഒടുവില്‍ തീയിട്ട് കൊല്ലാന്‍ ശ്രമിക്കുന്നതുമായ വിഡിയോ പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സോപൂറിലെ ഫ്രൂട്ട് മാന്‍ഡി പ്രദേശത്ത് മുടി മുറിക്കുന്നയാളെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതായി വെള്ളിയാഴ്ച രാവിലെയാണ് പോലീസില്‍ വിവരം ലഭിച്ചത്. ശ്രീനഗറില്‍നിന്ന് 36 കി.മീ അകലെയാണ് പ്രദേശം. പോലീസെത്തി ആശുപത്രിയിലെത്തിച്ച വസീം അഹ്്മദ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
മര്‍ദിച്ചവരെ തിരിച്ചറിഞ്ഞതായും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും ജമ്മ കശ്മീര്‍ ഡി.ജി.പി എസ്.പി വൈദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പുല്ലിനു തീക്കൊളുത്തിയാണ് ഏതാനും പേര്‍ ഇയാളെ കത്തിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ക്കുമേല്‍ ട്രാക്ടര്‍ കയറ്റി കൊല്ലാനും ശ്രമമുണ്ടായതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായി പോലീസ് വെളിപ്പെടുത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്ത്രീകളുടെ മുടി മുറിച്ചതുമായി ബന്ധപ്പെട്ട് 130 സംഭവങ്ങളാണ് താഴ്‌വരയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ പോലീസ് നിയോഗിച്ചിരുന്നു. എന്നാല്‍ ആരെയെങ്കിലും പടികൂടാന്‍ കഴിയാത്തത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.
അപരിചിതരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയ പോലീസ് പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചിട്ടുമുണ്ട്.
സംശയം തോന്നുന്നവരെ ജനക്കൂട്ടം കൈകാര്യം ചെയ്യാതിരിക്കുന്നതിന് കൂട്ടംകൂടന്നത് തടഞ്ഞതിനു പുറമെ അഭ്യൂഹങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസ് സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്.
സുരക്ഷാ ഏജന്‍സികളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിക്കുന്ന കശ്മീരി സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്തുന്നതിനുള്ള ആസൂത്രിത ശ്രമമെന്നാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സംഭവങ്ങളെ വിശേഷിപ്പിക്കുന്നത്. സ്ത്രീകളെ മുടി മുറിക്കുന്നതിനുപിന്നലുള്ള ലക്ഷ്യം കണ്ടെത്താന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
മുടി മുറി സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് താഴ് വരയില്‍ ഭീകരര്‍ക്കെതിരെ നടപടികള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായതായി സുരക്ഷാ സേനയും പോലീസും പറയുന്നു. മുടി മുറി കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് പോലീസിന്റെ ശേഷി വിനിയോഗിക്കേണ്ടിവരുന്നതെന്ന് കശ്മീര്‍ ഐ.ജി മുനീര്‍ അഹ്്മദ് ഖാന്‍ പറഞ്ഞു.