ന്യൂദല്‍ഹി- ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിള്‍ നയങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്യപ്പെട്ട ഇന്ത്യയിലെ പെയ്‌മെന്റ് ഭീമന്‍ ആപായ പേടിഎം മണിക്കൂറുകള്‍ക്കുശേഷം തിരിച്ചെത്തി. ഇന്നലെ വൈകുന്നേരത്തോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും സാധിച്ചു.
പേടിഎം ആപ്പ് ഉടന്‍ തന്നെ പ്ലേ സ്‌റ്റോറില്‍ തിരികെ എത്തുമെന്നും ഉപയോക്താക്കള്‍ക്ക് ഭയപ്പെടാനില്ലെന്നും പെയ്‌മെന്റ് കമ്പനി ഇന്നലെ രാവിലെ വിശദീകരിച്ചിരുന്നു.
പേടിഎമ്മിന്റെ പ്രധാന ആപ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി കമ്പനി രംഗത്തുവന്നത്. ഉപയോക്താക്കള്‍ക്ക് സാധാരണ പോലെ ആപ് ഉപയോഗിക്കാമെന്നും പണം നഷ്ടപ്പെടില്ലെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം പ്ലേ സ്‌റ്റോറില്‍നിന്ന് ആപ് പിന്‍വലിക്കാനിടയാക്കിയ സാഹചര്യം കമ്പനി വിശദീകരിച്ചിരുന്നില്ല.
സ്‌പോര്‍ട്‌സ് വാതുവെപ്പിന് സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ പേടിഎം ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നുവെന്ന് ചൂണ്ടിക്കട്ടിയാണ് ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് ഭീമനായ പേടിഎമ്മിനെ പ്ലേസ്‌റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തത്.
ഗൂഗിള്‍ ഇന്ത്യ കഴിഞ്ഞ ദിവസം രാജ്യത്തെ ചൂതാട്ടത്തിനെതിരായ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ആപ് നീക്കം ചെയ്തത്. പേടിഎമ്മിന്‍ പ്രധാന ആപ് മാത്രമാണ് നീക്കം ചെയ്തിരിക്കുന്നത്. വെല്‍ത് മാനേജ്‌മെന്റ് ആപായ പേടിഎം മണി, മര്‍ച്ചന്റ് ആപായ പേടിഎം ഫോര്‍ ബിസിനസ്, സിനിമ ടിക്കറ്റ് ബുക്കിങ് ആപ് എന്നിവ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല.
ചൂതാട്ടവുമായി ബന്ധപ്പെട്ട തങ്ങളുടെ പുതിയ നയങ്ങളെ കുറിച്ച് ഗൂഗിള്‍ ബ്ലോഗിലൂടെ വിശദീകരിച്ചു. ഓണ്‍ലൈന്‍ കാസിനോ അനുവദിക്കില്ലെന്നും സ്‌പോര്‍ട്‌സ് വാതുവെപ്പുകള്‍ക്ക് സൗകര്യമൊരുക്കുന്ന ചൂതാട്ട ആപുകളെ പിന്തുണക്കില്ലെന്നും കമ്പനി അറിയിച്ചു. ഉപയോക്താവിന് പണം സമ്മാനം നല്‍കുന്ന പേയ്ഡ് ഗെയിമുകള്‍ക്കായുള്ള പ്രത്യേക വെബ് സൈറ്റ് ലിങ്കുകള്‍ പ്ലേസ്‌റ്റോറിലെ ഒരു ആപ്പിന് നല്‍കാന്‍ അനുവാദമില്ലെന്നും അത് തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ബ്ലോഗില്‍ പറയുന്നു.