ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരുഷന്മാര്‍ തങ്ങളുടെ മതപരമായ സ്വത്വം മറച്ചുവെക്കുന്നതും വിവാഹം ചെയ്ത് മതം മാറ്റുന്ന സംഭവങഅങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് മതപരിവര്‍ത്തനം നിരോധിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കാണ്‍പൂര്‍, മീറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം നടത്തിയ ലഖ്‌നൗ സന്ദര്‍ശനത്തില്‍ മതപരിവര്‍ത്തന വിഷയവും ഉന്നയിച്ചിരുന്നു.
നിര്‍ബന്ധിതമായോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ ഒരാളെ മതം മാറ്റന്നത് തടയുന്നതിന് ഏതാനും സംസ്ഥാനങ്ങളില്‍ നിലവിലുള്ള നിയമത്തിനു സമാനമായാണ് ഉത്തര്‍പ്രദേശിലും നിയമം കൊണ്ടുവരികയെന്ന് നിയമ വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
അരുണാചല്‍ പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജാ ര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധ നിയമങ്ങളുണ്ട്.
1967 ല്‍ ഒഡീഷയാണ് ഈ നിയമം ആദ്യമായി നടപ്പാക്കിയത്. 1968 ല്‍ മധ്യപ്രദേശിലും നിയമം നടപ്പിലായി. ഉത്തര്‍പ്രദേശ് ഉടന്‍തന്നെ മതപരിവര്‍ത്തന നിരോധ നിയമം പ്രാബല്യത്തില്‍വരുന്ന ഒമ്പതാമത്തെ സംസ്ഥാനമായി മാറുമെന്ന് നിയമവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാണ്‍പൂരില്‍ വിവാഹം ചെയ്ത് മതം മാറ്റിയെന്ന് ആരോപിക്കുന്ന 11 സംഭവങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.