റഷ്യന്‍ വാക്സിന്‍ പരീക്ഷിച്ച ഏഴിലൊരാള്‍ക്ക് പാർശ്വഫലങ്ങള്‍

മോസ്‌കോ- റഷ്യ വികസിപ്പിച്ച കൊറോണ വൈറസ് വാക്‌സിന്‍ പരീക്ഷണാര്‍ഥം നല്‍കിയ ഏഴ് പേരില്‍ ഒരാള്‍ക്ക്  പാര്‍ശ്വഫലങ്ങളുണ്ടെന്ന് റഷ്യന്‍  ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ പറഞ്ഞു. വാക്സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്ത 40,000 സന്നദ്ധ പ്രവർത്തകരില്‍ 300 ലധികം പേര്‍ക്കാണ് സ്പുട്‌നിക് വി കുത്തിവെയ്പ് നല്‍കിയിരുന്നതെന്ന് മന്ത്രി പറഞ്ഞു.

ഏകദേശം 14ശതമാനം പേര്‍ക്ക് തളർച്ച, 24 മണിക്കൂര്‍ വരെ പേശിവേദന, ഇടയ്ക്കിടെ ശരീര താപനിലയില്‍ വര്‍ധന എന്നിവയാണ് കണ്ടെത്തിയതെന്ന് മുറാഷ്‌കോ പറഞ്ഞു. രോഗലക്ഷണങ്ങള്‍ അടുത്ത ദിവസം നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സങ്കീര്‍ണതകള്‍ നിര്‍ദ്ദേശങ്ങളില്‍ വിവരിച്ചിരുന്നതാണെന്നും പ്രവിചിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ കുത്തിവെയ്പ് നല്‍കി 21 ദിവസത്തിനുള്ളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് റഷ്യന്‍  വാക്‌സിന്‍റെ രണ്ടാമത്തെ കുത്തിവെയ്പ് നല്‍കും.  അഡെനോവൈറസ് അടിസ്ഥാനമാക്കിയുള്ള വൈറല്‍ വെക്റ്റര്‍ വാക്‌സിന്‍ ഇതുവരെ വലിയ തോതിലുള്ള ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും റഷ്യന്‍ സര്‍ക്കാര്‍ തുടക്കത്തില്‍തന്നെ അംഗീകാരം നല്‍കിയിരുന്നു. അന്തിമ പരീക്ഷണങ്ങള്‍ ഈ മാസം ആദ്യമാണ് ആരംഭിച്ചതെങ്കിലും ആഗോളതലത്തില്‍ മനുഷ്യ ഉപയോഗത്തിനായി ലഭ്യമാക്കുന്ന ആദ്യത്തെ കൊറോണ വൈറസ് വാക്‌സിനാണിത്.

 ഹൈദരാബാദ് ആസ്ഥാനമായുള്ള  ഡോ. റെഡ്ഡീസ് ലബോറട്ടറീസും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും(ആര്‍ഡിഐഎഫ്) ചേർന്ന് കൊറോണ വൈറസ് വാക്‌സിന്‍ നവംബര്‍ ആദ്യം ഇന്ത്യയില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്.  റഷ്യന്‍ വികസന നിക്ഷേപ ഫണ്ടുമായി ധാരണാപത്രം ഒപ്പിട്ടതായി റെഡ്ഡീസ് മേധാവി  ജി. വി പ്രസാദ് പറഞ്ഞു. സ്പുട്‌നിക്‌വി വാക്സിന്‍ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ 10 കോടി വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ആര്‍ഡിഐഎഫും ഡോ. റെഡ്ഡീസ് ലാബും  ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനായി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
അതേസമയം, സുരക്ഷയും ഫലപ്രാപ്തിയും പൂര്‍ണ്ണമായും തെളിയിച്ചു കഴിഞ്ഞിട്ടില്ലാത്ത വാക്സിന്‍ ഉപയോഗിക്കുന്നതിനെതിരെ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുമായി രംഗത്തുണ്ട്.

Latest News