ലണ്ടന്‍-വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരനായ യുവാവിന് ലണ്ടന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 23കാരനായ ജിഗുകുമാര്‍ സോര്‍ത്തിക്ക് ആണ് ശിക്ഷ വിധിച്ചത്. പരോള്‍ കിട്ടാന്‍ പോലും 28 വര്‍ഷം ശിക്ഷ അനുഭവിക്കണം. വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യ ഭാവിനി പ്രവീണിനെ(21)യാണ് ലെസ്റ്ററിലെ വീട്ടിലെത്തി ജിഗുകുമാര്‍ കൊലപ്പെടുത്തിയത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു സംഭവം. അങ്ങേയറ്റം ക്രൂരവും ഭയാനകവും ദയയില്ലാത്തതുമായ കൊലപാതകമാണ് നടത്തിയതെന്ന് കോടതി പറഞ്ഞു.
മാര്‍ച്ച് രണ്ടിന് ഭാവിനിയുടെ വീട്ടിലെത്തിയ ജിഗുകുമാര്‍ അവരുമായി വഴക്കിട്ട ശേഷമാണ് കൊലപ്പെടുത്തിയത്. ഭാവിനിക്ക് നിരവധി തവണ കുത്തേറ്റിരുന്നു. സംഭവത്തിനു ശേഷം ജിഗുകുമാര്‍ നേരിട്ട് സ്പിന്നി ഹില്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. 2017ല്‍ ഇന്ത്യയില്‍ വച്ചാണ് ഗുജറാത്ത് സ്വദേശികളായ ജിഗുകുമാറും ഭാവിനിയും വിവാഹിതരായത്. തുടര്‍ന്ന് ഭാവിനിയുടെ സഹായത്താല്‍ വീസ നേടി ജിഗുകുമാറും ബ്രിട്ടണിലെത്തുകയായിരുന്നു. ഇരുവരും വ്യത്യസ്ത ഇടങ്ങളിലാണ് താമസിച്ചിരുന്നത്. ഹിന്ദു മതാചാരപ്രകാരം വീണ്ടും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ഭാവിനി അവസാന നിമിഷം പിന്‍മാറുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.