ന്യൂദല്‍ഹി- രാജസ്ഥാനിലെ പഴക്കമേറിയ രാജകൊട്ടാരങ്ങളില്‍ ഒന്നായ ലക്ഷ്മി വിലാസ് പാലസ് ഹോട്ടല്‍ വിലകുറച്ച് വന്‍ നഷ്ടത്തില്‍ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മാധ്യമപ്രവര്‍ത്തകനും ബിജെപി നേതാവുമായിരുന്ന അരുണ്‍ ഷൂരിയെ പ്രതി ചേര്‍ക്കണമെന്ന് പ്രത്യേക കോടതി സിബിഐയോട് നിര്‍ദേശിച്ചു. അരുണ്‍ ഷൂരിക്കും മുന്‍ ഉദ്യോഗസ്ഥന്‍ പ്രദീപ് ബൈജാലിനും ഹോട്ടലുടമ ജ്യോത്സന സൂരിക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് പ്രത്യേക സിബഐ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹോട്ടല്‍ വില്‍പ്പന കേസ് വീണ്ടും പരിഗണിക്കനയ്‌ക്കെടുക്കാനാണ് കോടതി തീരുമാനം. 252 കോടി രൂപ വിലയിട്ട ഉദയ്പൂരിലെ ലക്ഷ്മി വിലാസ് ഹോട്ടല്‍ വെറും 7.5 കോടി രൂപയ്ക്കാണ് വില്‍പ്പന നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍ ബിജെപി സര്‍ക്കാരില്‍ അരുണ്‍ ഷൂരി ഓഹരിവില്‍പ്പന മന്ത്രിയായിരിക്കെ ആണ് ഈ ഇടപാട് നടന്നത്. ഫതഹ് സാഗര്‍ തടാകത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ പഞ്ച നക്ഷത്ര ഹോട്ടല്‍ വിനോദ സഞ്ചാരികളുടെ വലിയ ആകര്‍ഷക കേന്ദ്രങ്ങളിലൊന്നാണ്.
2002ലെ കേസില്‍ പ്രോസിക്യൂഷന്‍ നടത്താന്‍ തക്ക തെളിവില്ലെന്നു പറഞ്ഞ് കേസ് അവസാനിപ്പിച്ച് 2019ല്‍ സിബിഐ റിപോര്‍ട്ട് സമര്‍പിച്ചിരുന്നു. എന്നാല്‍ ഈ റിപോര്‍ട്ട് പ്രത്യേക സിബിഐ കോടതി തള്ളി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.