തൃശൂര്‍- സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെല്‍ഫിയെടുത്ത ആറ് വനിതാ പോലീസുകാരെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്വപ്നയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആദ്യം പ്രവേശിച്ചപ്പോഴാണ് വനിതാ പോലീസുകാര്‍ സെല്‍ഫിയെടുത്തത്. കൗതുകത്തിന് വേണ്ടി എടുത്തതാണ് സെല്‍ഫിയെന്നാണ് പോലീസുകാര്‍ ഉന്നത മേലധികാരികള്‍ക്ക് നല്‍കിയ വിശദീകരണം. സംഭവം പുറത്തുവന്നതോടെ സിറ്റി പോലീസ് കമ്മീഷണര്‍ ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വിവാദമായതോടെ പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി.
സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഉണ്ടായ വിവാദങ്ങളെ സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡിവൈ.എസ്.പി മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ കോളേജില്‍ എത്തി അന്വേഷണം നടത്തി. സ്വപ്‌നയും റമീസും ചികിത്സയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയവരുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. രണ്ടാഴ്ചത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഫോണ്‍വിളികളെ സംംബന്ധിച്ച് ചില ജീവനക്കാരില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.