Sorry, you need to enable JavaScript to visit this website.

ഔദ്യോഗിക ഭാഷാ നിയമത്തിൽ മറ്റു ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് കേന്ദ്രം

ന്യൂദൽഹി- ഔദ്യോഗിക ഭാഷാ നിയമത്തിൽ ഭേദഗതി വരുത്താനുളള നിർദേശം സർക്കാരിന് മുന്നിലില്ലെന്ന് കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു.

തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമായ വൈകോയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

സുപ്രീം കോടതി നിർദേശിച്ചത് പ്രകാരം ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ രാജ്യത്തെ മറ്റ് ഷെഡ്യൂൾഡ് ഭാഷകളേക്കൂടി ഉൾപ്പെടുത്തി ഔദ്യോഗിക ഭാഷാ നിയമം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിർദേശങ്ങൾ സർക്കാരിന് മുന്നിലുണ്ടോയെന്നായിരുന്നു ചോദ്യം.

ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഗ്രാമീണരായ സാധാരണ ജനങ്ങൾ എങ്ങനെയാണ് കേന്ദ്രസർക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും മനസിലാക്കുകയെന്നും വൈകോ ചോദിച്ചിരുന്നു. എന്നാൽ ഇതിന് ഔദ്യോഗിക ഭാഷ സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനമെടുത്ത പ്രമേയത്തിൽ വ്യവസ്ഥകളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടിയിൽ പറയുന്നു.

ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലെ ആളുകൾക്കായി ത്രിഭാഷ ഫോർമുലയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

കേന്ദ്രസർക്കാർ ഓഫീസുകളുടെ ബോർഡുകളിലും നോട്ടീസ് ബോർഡുകളിലും ജനങ്ങൾക്കായുള്ള വിവരങ്ങൾ ഇത്തരത്തിലാണ് നൽകേണ്ടത്. പ്രാദേശിക ഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെയാണ് വിവരങ്ങൾ നൽകേണ്ടതെന്ന് ഇതിൽ പറയുന്നുണ്ടെന്നും ആഭ്യന്തര മന്ത്രലയം പറയുന്നു.

എൻവയോൺമെന്റ് ഇംപാക്ട് അസസ്മെന്റ് കരടിനെതിരെ വന്ന അപ്പീൽ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഔദ്യോഗിക ഭാഷാ നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് വാക്കാൽ പരാമർശിച്ചിരുന്നു

Latest News