ന്യൂദല്‍ഹി-കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്‍ഐഎ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 17 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി ആശയ പ്രചാരണം നടക്കുന്നതായും വിദേശ ഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ജൂലൈയില്‍ കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയില്‍ ഉണ്ടെന്ന് യുഎന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് കേരളത്തില്‍ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു നിര്‍ദേശം കൈമാറിയത്. സ്വര്‍ണക്കടത്തു കേസിനു ഭീകരബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ദേശീയ അന്വേഷണ ഏജന്‍സിയും കേരളത്തിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലരേയും കസ്റ്റഡിലെടുത്തതായും സൂചനയുണ്ട്.