കോഴിക്കോട്- യു.പി.എ സർക്കാറിനെതിരെ പ്രക്ഷോഭവുമായി രംഗത്തുവന്ന ആം ആദ്മി അധികം വൈകാതെ സംഘ്പരിവാറിൽ ലയിക്കുമെന്ന് സാമൂഹ്യവിമർശക സുധ മേനോൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് നിരീക്ഷണം പങ്കുവെച്ചത്.
ഫെയ്‌സ് ബുക്ക് പോസ്റ്റിൽനിന്ന്:
ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ എന്ന പ്രസ്ഥാനവും അതിൽ നിന്ന് ഉയർന്നു വന്ന ആം ആദ്മി പാർട്ടിയും അധികാരം കൈപ്പിടിയിൽ ഉതുക്കാനുള്ള സംഘപരിവാറിന്റെ തന്ത്രം മാത്രമായിരുന്നു എന്ന് ഒടുവിൽ പ്രശാന്ത്ഭൂഷൺ തിരിച്ചറിയുകയും, അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. ക്രമംതെറ്റി വളർന്ന് സ്രഷ്ടാവിനെപ്പോലും ഭയചകിതനാക്കിയ ഫ്രാങ്കൻസ്റ്റീൻ രാക്ഷസൻ ആയിരുന്നു അണ്ണാ മൂവ്‌മെന്റ് എന്ന് ഏറെ വൈകിയാണെങ്കിലും തുറന്നു സമ്മതിക്കാൻ പ്രശാന്ത് ഭൂഷനെ പ്രേരിപ്പിച്ചത് ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ സമാനതകൾ ഇല്ലാത്ത മൂല്യതകർച്ചയാകാം. പക്ഷെ, ഏറെ വൈകിപ്പോയി. ഇന്ത്യൻ രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന സാമാന്യബോധമുള്ള എല്ലാവര്ക്കും അതൊരു നന്നായി സംവിധാനം ചെയ്യപ്പെട്ട നാടകം മാത്രം ആയിരുന്നുവെന്നും കെജ്‌രിവാളും അണ്ണാഹസാരെയും കിരൺബേദിയും എല്ലാം തങ്ങളുടെ ഭാഗം അഭിനയിക്കുകയായിരുന്നു എന്നും അന്നേ മനസ്സിലായിരുന്നു. നിർഭാഗ്യവശാൽ, കോൺഗ്രസ്സ് വിരോധത്തിൽ, യോഗേന്ദ്രയാദവും പ്രശാന്ത്ഭൂഷണും അത് തിരിച്ചറിഞ്ഞില്ല. മനസിലാക്കുമ്പോഴേക്കും തിരികെ പിടിക്കാൻ ആകാത്തവിധം ഇന്ത്യ മാറിപ്പോയി.
ആം ആദ്മി ലക്ഷണമൊത്ത വെൽഫെയർ പാർട്ടി മാത്രം ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ ഒരിക്കൽ കൂടി പറയാം. ആര്‍,എസ്.എസ് എന്ന നദിയിൽ നിന്നും ഉത്ഭവിച്ച ഒരു വേറിട്ട അരുവി മാത്രമാണ് ആം ആദ്മി പാർട്ടി. അതിന്റെ ചരിത്രദൗത്യം കഴിഞ്ഞാൽ സംഘപരിവാർ എന്ന മഹാസമുദ്രത്തിൽ എപ്പോഴായാലും അത് ലയിച്ചിരിക്കും. ഉറപ്പ്.