ന്യൂദൽഹി- ബാബരി മസ്ജിദ് പൊളിച്ച കേസിൽ സെപ്റ്റംബർ 30ന് ലക്‌നൗവിലെ പ്രത്യേക കോടതി വിധി പറയും. ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി,ഉമ ഭാരതി, കല്യാൺ സിംഗ്, വിനയ് കത്യാർ, സാധ്വി ഋതംബര തുടങ്ങിയവർ പ്രതികളായ കേസാണിത്. 1992 ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബരി മസ്്ജിദ് പൊളിച്ചത്. അദ്വാനിയും ജോഷിയും ഉമ ഭാരതിയുമടക്കമുള്ളവർക്കെതിരെ ഗൂഢാലോചനാ കുറ്റമാണ് നിലവിലുള്ളത്. പ്രത്യേക സിബിഐ ജഡ്ജി എസ് കെ യാദവ് ആണ് വിധി പ്രസ്താവിക്കുക. അദ്വാനി അടക്കമുള്ള എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. മുരളീ മനോഹർ ജോഷി ജൂലായ് 23നും എൽ കെ അദ്വാനി ജൂലായ് 24നും വീഡിയോ കോൺഫറൻസിംഗ് വഴി സിബിഐ കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നു.