ന്യൂദല്‍ഹി- മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ മാര്‍ച്ചില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് കൂട്ടപ്പാലായനം നടത്തിയത് വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നെന്ന് ആഭ്യന്തര മന്ത്രാലയം. ഈ പാലായത്തിനിടെ അപകടത്തിലും മറ്റും മരിച്ച നിരവധി തൊഴിലാളുകളുടെ വിവരങ്ങളില്ലാത്തിനാല്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്നു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ വാര്‍ത്തയെ പഴിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ലോക്ഡൗണ്‍ ദൈര്‍ഘ്യത്തെ കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച ആശങ്കകള്‍ കാരണമാണ് കുടിയേറ്റ തൊഴിലാളികള്‍ വന്‍തോതില്‍ പാലായനം ചെയ്തത്. വെള്ളം, ഭക്ഷണം, ആരോഗ്യ സേവനം തുടങ്ങി അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യത സംബന്ധിച്ചും അവര്‍ ആശങ്കപ്പെട്ടിരുന്നു- ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മാല റോയ് ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പു വരുത്താന്‍ വേണ്ട നടപടികളെല്ലാം സ്വീകരിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു.