ഇസ്രായില്‍, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ വൈറ്റ് ഹൗസില്‍ സമാധാന കരാര്‍ ഒപ്പിട്ടു
വാഷിംഗ്ടണ്‍- അഞ്ചോ ആറോ അറബ് രാജ്യങ്ങള്‍ കൂടി ഇസ്രായിലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ തയാറെടുക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ യു.എ.ഇയും ബഹ്റൈനും ഇസ്രായിലുമായി ബന്ധം സ്ഥാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുുകയായിരുന്നു അദ്ദേഹം. മേഖലയില്‍ മുഴുവന്‍ സമഗ്ര സമാധാനത്തിനുള്ള അടിത്തറയായി ഈ കരാര്‍ വര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മധ്യപൗരസ്ത്യ ദേശത്ത് ദശകങ്ങളായി നിലനില്‍ക്കുന്ന ശാക്തിക, രാഷ്ട്രീയ, സാമ്പത്തിക സമവാക്യങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടാണ് യു.എ.ഇയും ബഹ്റൈനും ഇസ്രായിലുമായി സമാധാന കരാറുകള്‍ ഒപ്പുവെച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്റെയും ബഹ്‌റൈന്‍ വിദേശ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനിയുടെയും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും സാന്നിധ്യത്തിലാണ് മൂന്നു രാജ്യങ്ങളും 'അബ്രഹാം കരാര്‍' എന്ന പേരില്‍ അറിയപ്പെടുന്ന സമാധാന കരാറുകള്‍ ഒപ്പുവെച്ചത്.
വൈറ്റ് ഹൗസിന്റെ സൗത്ത് ലോണ്‍ ഗാര്‍ഡനില്‍ നടന്ന ഒപ്പുവെക്കല്‍ ചടങ്ങിന് ലോക രാജ്യങ്ങളില്‍നിന്നുള്ള 700 ഓളം വിശിഷ്ടാതിഥികള്‍ സാക്ഷികളായി. അമേരിക്ക, ഇസ്രായില്‍, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ നാലു രാജ്യങ്ങളുടെയും പതാകകള്‍ മുദ്രണം ചെയ്ത്, അബ്രഹാം കരാറുകള്‍ എന്ന് രേഖപ്പെടുത്തിയ പ്രത്യേക മാസ്‌കുകള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്തു.
മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഇറാനും തുര്‍ക്കിയും സൃഷ്ടിക്കുന്ന ഭീഷണികള്‍ സ്വന്തം നിലനില്‍പു തന്നെ ചോദ്യചിഹ്നമാക്കി മാറ്റുന്ന പശ്ചാത്തലത്തിലാണ് അറബികള്‍ പരമ്പരാഗത ശത്രുവായി കണ്ടിരുന്ന ഇസ്രായിലുമായി സമാധാന കരാറുണ്ടാക്കാന്‍ യു.എ.ഇയെയും ബഹ്‌റൈനെയും പ്രേരിപ്പിച്ചത്.
യു.എ.ഇയും ബഹ്റൈനും ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത് പശ്ചിമേഷ്യയില്‍ സമാധാനത്തിനും സുരക്ഷാ ഭദ്രതക്കും സഹായകമാകുമെന്നാണ് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ അവകാശപ്പെടുന്നത്.
അതേസമയം, ഇസ്രായിലുമായി സമാധാന കരാര്‍ ഒപ്പിടാനുള്ള തീരുമാനത്തിലൂടെ 'മാനസിക പ്രതിബന്ധം' യു.എ.ഇ തകര്‍ത്തതായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. ഇസ്രായിലുമായി സമാധാന കരാര്‍ ഒപ്പുവെക്കുന്നതിലൂടെ വരും വര്‍ഷങ്ങളില്‍ ഫലസ്തീനികളെ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ സഹായിക്കാനും പിന്തുണക്കാനും യു.എ.ഇക്ക് സാധിക്കും. ഇസ്രായിലുമായുള്ള സമാധാന കരാര്‍ യു.എ.ഇയുടെയും മേഖലയുടെയും സ്വാധീനം വര്‍ധിപ്പിക്കും.
യു.എ.ഇയും ഇസ്രായിലും സമാധാന കരാര്‍ ഒപ്പുവെച്ച ശേഷം എഫ്-35 പോര്‍വിമാനങ്ങള്‍ യു.എ.ഇക്ക് വില്‍ക്കുന്നതിന് തനിക്ക് എതിര്‍പ്പില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എഫ്-35 യുദ്ധവിമാനങ്ങള്‍ യു.എ.ഇക്ക് വില്‍ക്കുന്നതിനെ അമേരിക്ക എതിര്‍ക്കില്ലെന്നും ട്രംപ് പറഞ്ഞു.