റിയാദ് - പൊതുസ്ഥലത്തു വെച്ച് ലൈംഗിക അർഥമുള്ള പദപ്രയോഗങ്ങൾ നടത്തി യുവതികളെ ശല്യം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മൂന്നംഗ സംഘത്തെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അസിസ്റ്റന്റ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. സൗദി യുവാക്കളാണ് അറസ്റ്റിലായത്. സംഘം യുവതികളെ ശല്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി പീഡന വിരുദ്ധ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും റിയാദ് പോലീസ് അസിസ്റ്റന്റ് വക്താവ് അറിയിച്ചു.