ന്യൂദല്‍ഹി- വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ഫെബ്രുവരിയില്‍ മുസ്‌ലിംകളേയും അവരുടെ വീടുകളേയും വ്യാപാര സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് നടന്ന വംശീയ കലാപം സംബന്ധിച്ച് ദല്‍ഹി പോലീസ് നടത്തുന്ന അന്വേഷണം പക്ഷപാതപരമാണെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 10 മുന്‍ ഐപിഎസ് ഓഫീസര്‍മാര്‍ രംഗത്ത്. മുന്‍ മുംബൈ പോലീസ് കമ്മീഷണറും ഗുജറാത്ത്, പഞ്ചാബ് ഡിജിപിയും റൊമാനിയയില്‍ ഇന്ത്യയുടെ മുന്‍ സ്ഥാനപതിയുമായിരുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ ജുലിയോ റിബെയ്‌റോ ഇക്കാര്യം ചൂണ്ടിക്കാട്ടി ദല്‍ഹി പോലീസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവയ്ക്ക് കഴിഞ്ഞ കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ മറ്റു ഒമ്പത് മുന്‍ ഐപിഎസ് ഓഫീസര്‍മാര്‍ കൂടി തിങ്കളാഴ്ച ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തെഴുതി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ മുന്‍ ഡി.ജി ശാഫി ആലം, മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ കെ സലീം അലി എന്നീ ഉന്നതരും ഈ കത്തില്‍ ഒപ്പുവച്ചവരില്‍ ഉള്‍പ്പെടും.
കലാപകാരികളെ അറസ്റ്റ് ചെയ്തത് ഹിന്ദു സമുദായത്തിന് അതൃപ്തിയുണ്ടാക്കുമെന്ന് വാദിച്ച് കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ദല്‍ഹി പോലീസിലെ ഒരു സ്‌പെഷ്യല്‍ കമ്മീഷണര്‍ ശ്രമം നടത്തിയത് ഖേദകരമാണ്. പോലീസ് നേതൃത്വത്തിലെ ഇത്തരം ഭൂരിപക്ഷ സമീപനം ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഇരകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ലഭിക്കേണ്ട നീതിയെ അട്ടിമറിക്കുന്നതാണ്. ഇതിനര്‍ത്ഥം ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ വഴിയൊരുങ്ങുന്നു എന്നാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ശക്തമായ ഒരു തെളിവുമില്ലാതെ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നത് നീതിപുര്‍വമുള്ള അന്വേഷണത്തിന്റെ എല്ലാ തത്വങ്ങളും ലംഘിക്കുന്നതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഭിപ്രായ പറഞ്ഞ നേതാക്കളേയും ആക്ടിവിസ്റ്റുകളേയും കേസിലുള്‍പ്പെടുത്തുകയും ഭരണകക്ഷിയുമായി ബന്ധമുള്ളവരേയും കലാപം ഉണ്ടാക്കിയവരേയും വെറുതെ വിട്ടിരിക്കുകയുമാണ്- കത്തില്‍ പറയുന്നു.