തൃശൂർ- മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന് ആൻജിയോഗ്രാമും കെ.ടി.റമീസിന് എൻഡോസ്‌കോപി ടെസ്റ്റും നടത്തി. ഇന്നുരാവിലെയാണ് രണ്ടുപേരെയും ടെസ്റ്റുകൾക്ക് വിധേയമാക്കിയത്.
നെഞ്ചുവേദനയെ തുടർന്നാണ് സ്വപ്‌നയെ ആശുപത്രിയിലാക്കിയത്. റമീസിന് ദേഹാസ്വസ്ഥ്യവും വയറുവേദനയുമാണെന്നാണ് പറഞ്ഞിരുന്നത്.
ആറു ദിവസത്തെ ചികിത്സക്ക് ശേഷം ജയിലിൽ തിരിച്ചെത്തിയതിന്റെ അടുത്ത ദിവസമാണ് സ്വപ്നയെ വീണ്ടും അസുഖമാണെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചത്.
ഇരുവരുടേയും ടെസ്റ്റ് റിസൾട്ടുകൾ പരിശോധിച്ച് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഇവർക്ക് ഡിസ്ചാർജ് നൽകണോ തുടർചികിത്സ നൽകണോ എന്ന കാര്യം തീരുമാനിക്കും. എൻ.ഐ.എ കോടതിക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ടും നൽകും.
അതിനിടെ, മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വപ്‌ന സുരേഷിനെ കാണാനെത്തിയ ബന്ധുക്കൾക്ക് അധികൃതർ അനുമതി നിഷേധിച്ചു. സ്വപ്ന സുരേഷിനെ കാണാൻ ഭർത്താവിനും മകൾക്കും അമ്മയ്ക്കും എൻ ഐ എ കോടതി അനുമതി നൽകിയിരുന്നു. ഒരു മണിക്കൂർ സ്വപ്നയുമായി കൂടിക്കാഴ്ച നടത്താം. രണ്ടാഴ്ച കൂടുമ്പോൾ ഒരു മണിക്കൂർ അനുവദിക്കണമെന്നും നിർദേശമുണ്ടായിരുന്നു. കോടതി ഉത്തരവുമായി സ്വപ്നയുടെ ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയെങ്കിലും കാവൽ നിൽക്കുന്നവരും മെഡിക്കൽ കോളജ് അധികൃതരും സ്വപ്നയെ കാണാൻ ബന്ധുക്കളെ അനുവദിച്ചില്ല. ഇന്നു വീണ്ടും ഇവർ ആശുപത്രിയിലത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്
സ്വപ്‌ന സുരേഷിനെ ജയിൽ ഡി.ഐ.ജി ആശുപത്രിയിലെത്തി കണ്ടു. ആശുപത്രിയിൽ നിന്ന് സ്വപ്‌ന ഫോൺ ചെയ്തുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഡിഐജി സ്വപ്നയെ ചോദ്യം ചെയ്യാനെത്തിയതെന്നാണ് വിവരം. ഫോൺകോളുകളുടെ വിശദാംശങ്ങൾ എൻ.ഐ.എ കഴിഞ്ഞ ദിവസം സൈബർ സെൽ മുഖേന ശേഖരിച്ചിരുന്നു. ഇന്നലെ രാത്രിയാണ് ഡിഐജി എത്തിയത്. കെ.ടി.റമീസിനെ ഇന്ന് ഡിസ്ചാർജ് ചെയ്‌തേക്കും. എൻഡോസ്‌കോപി ടെസ്റ്റ് നടത്തിക്കഴിഞ്ഞ റമീസിന് കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് സൂചന. അതേസമയം ആൻജിയോഗ്രാം നടത്തിയ സ്വപ്‌ന സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ല.
അതേ സമയം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് അടക്കം അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ ഹർജി കോടതി ഇന്ന് കോടതി പരിഗണിക്കും. പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ട് നൽകണമെന്നാവശ്യപ്പെട്ടാണ് എൻഐഎ കോടതിയെ സമീപിച്ചിട്ടുള്ളത്. പ്രതികളുടെ ഫോൺ, ലാപ്‌ടോപ് എന്നിവയിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് എൻഐഎ ശ്രമം.